മട്ടാഞ്ചേരി: മാസങ്ങൾക്ക് ശേഷം കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതോടെ പശ്ചിമകൊച്ചി വീണ്ടും ആശങ്കയിലായി.ഡിസംബർ 4ന് അവശനിലയിൽ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വടക്കേ ചെറളായി സ്വദേശി ദിനേശ് ഷേണായിയുടെ മരണം കോവിഡ് ബാധിച്ചാണെന്ന് റിപ്പോർട്ട് ചെയ്തതോടെയാണ് ജനം ആശങ്കയിലായത് . സംസ്ഥാനത്തെ വൈറസ് നിർമ്മാർജന യത്നങ്ങൾക്ക് തിരിച്ചടിയാണ് കൊച്ചിയിലെ കോവിഡ് മരണം. കൊച്ചി ബിനാലെ കൊച്ചിൻ കാർണിവൽ, പുതുവത്സരാഘോഷം, ഉത്സവകാലം , വിനോദ സഞ്ചാര സീസൺ എന്നിവയുടെ തയ്യാറെടുപ്പുകൾക്കും ആഘോഷങ്ങ പൊലിമയ്ക്കും കോവിഡ് മരണം മങ്ങൽ ഏൽപ്പിക്കുമെന്ന ആശങ്കയുമുയർന്നിട്ടുണ്ട്. 2020 മാർച്ച് 30 ന് ചുള്ളിക്കൽ സ്വദേശിയും വ്യാപാരിയുമായ യാക്കൂബ് സേട്ടിന്റെ മരണം പ്രദേശത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. സം സ്ഥാനത്തെ ആദ്യ കോവിഡ് മരണംകൂടിയായിരുന്നു അത്. തുടർന്ന് വിവിധ ഘട്ടങ്ങളിലായി 80ൽ ഏറെ ഔദ്യോഗിക മരണങ്ങളാണ് തീരദേശ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി രോഗ വിവര റിപ്പോർട്ടിംഗ് നിർത്തിയതോടെ മാസ്ക് , സാനിറ്റെസർ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ജനം പിന്തിരിഞ്ഞിരുന്നു. ഇതിനിടെ മേഖലയിൽ പടർന്ന വൈറൽ പനിയും ഡെങ്കിയും രോഗപരിശോധന ഒഴിവാക്കാൻ പ്രേരണയുമായി. കോവിഡ് മാനദണ്ഡപ്രകാരം മൃതദേഹം ദിനേശ് ഷേണായിയുടെ സംസ്കരിച്ച വാർത്ത പരന്നതോടെ ആരോഗ്യ വകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും പ്രതിരോധത്തിലായിട്ടുണ്ട്.