sasidharan

കളമശേരി: സമൂഹത്തിൽ നിന്ന് സ്വാംശീകരിച്ചത് സമൂഹത്തിന് തിരിച്ചു കൊടുക്കണമെന്ന വിശ്വാസിയാണ് ചിത്രകാരനും കവിയും നാടകകൃത്തുമായ മഞ്ഞുമ്മൽ അനന്തു നിവാസിൽ കെ.ആർ.ശശിധരനെന്ന ചമയങ്ങളില്ലാത്ത കലാകാരൻ. സാധാരണക്കാരെയും ഇഷ്ടമുള്ളവരേയും മാത്രം കാൻവാസിൽ പകർത്തുന്നതാണ് ശീലം. കല ജീവനോപാധി കൂടിയായതിനാൽ സ്ഥാപനങ്ങൾക്കു വേണ്ടി സിനിമാ താരങ്ങളെ വരച്ചു നൽകാറുണ്ട്.

കൊച്ചിൻ സ്കൂൾ ഒഫ് ആർട്സിൽ കലാപഠനം. എം.വി.ദേവനും, എം.ആർ.ഡി ദത്തനും വഴി തെളിയിച്ചു. പച്ചാളം ചിത്രശാല, മഞ്ഞുമ്മൽ ഭൂമിക, മണ്ഡേല സാംസ്കാരിക വേദി തുടങ്ങിയ സംഘടനകളുടെ ഭാഗമായി.

ഗൃഹപ്രവേശനത്തിന് ക്ഷണിച്ചാൽ വീടും അതിഥികളും ഓർമ്മയിൽ നിന്ന് കാൻവാസിലേക്ക് പകർത്തി വീട്ടുകാർക്ക് സമ്മാനിച്ച് വിസ്മയിപ്പിക്കും ശശിധരൻ . 2016ൽ ലഹരിക്കെതിരെയും സുരക്ഷ സന്ദേശങ്ങളും നൽകി മഞ്ഞുമ്മൽ കവലയിലെ ആശുപത്രി മതിലിൽ 300 മീറ്റർ നീളത്തിൽ ചിത്രങ്ങൾ വരച്ചത് ശ്രദ്ധിക്കപ്പെട്ടു. അക്രിലിക് ,വാട്ടർ കളർ എന്നിവ ഉപയോഗിക്കുമെങ്കിലും പേന കൊണ്ട് വരയ്ക്കുന്ന മനുഷ്യ രൂപങ്ങളിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല.

സാമൂഹ്യ പ്രശ്നങ്ങളോട് കവിതയിലൂടെയും പ്രതികരിക്കാൻ തുടങ്ങിയതോടെ കവിയരങ്ങുകളിലും സജീവമായി. 150 ൽ പരം ലളിത സുന്ദര കവിതകൾ രചിച്ചിട്ടുണ്ട്. ഹൃദയത്തിൽ പൊട്ടി മുളയ്ക്കുന്ന വരികൾ കുറിച്ചിടാതെ മുറിയാതെ ചൊല്ലാനും മിടുക്കുണ്ട്. ഇതിനിടെ ഏകാങ്ക നാടകമെഴുത്തിലും കൈവെച്ചു. ആദ്യ നാടകം വേദിയിലെത്തി. രണ്ടാമത്തേത് അണിയറയിലാണ്. ഭാര്യ ശ്രീകലയും ചിത്രകാരനായ മകൻ അനന്തകൃഷ്ണനും പിന്തുണയുമായ് കൂടെയുണ്ട്.