1
ദിനേശ് ഷേണായ്

മട്ടാഞ്ചേരി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മാസങ്ങൾക്കുശേഷം കൊച്ചിയിലാണ് മരണം വീണ്ടും റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച രാത്രി മരിച്ച മട്ടാഞ്ചേരി വടക്കേ ചെറളായി ജെ.എ. ഭട്ട് തെരുവിൽ 4/809ൽ ദിനേശ് ഷേണായിയുടെ (53) മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ വെങ്കടേശ്വര ഷേണായ് ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് അന്ന് ഉച്ചകഴിഞ്ഞ് ദിനേശിനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി പത്തോടെ മരിച്ചു. തുടർന്നുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് നൽകാതെ തിങ്കളാഴ്ച വൈകിട്ട് നഗരസഭാ പൊതുശ്മശാനത്തിൽ കൊവിഡ് മാനദണ്ഡപ്രകാരം സംസ്ക രിച്ചു. അവിവാഹിതനാണ്.

കപ്പലണ്ടി വില്പനക്കാരനായ ദിനേശ് ഷേണായി ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് മാസങ്ങളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. വസന്ത, ഉഷ മോഹൻദാസ്, രമേഷ് കുമാർ ഷേണായ്, ലത, ഉമേഷ് ഷേണായ്, ശോഭ ശ്രീനിവാസ പൈ എന്നിവർ സഹോദരങ്ങളാണ്.

2020 മാർച്ച് 30ന് കൊച്ചിയിലാണ് സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. കൊച്ചിയിലെ കൊവിഡ് മരണം ആരോഗ്യമേഖലയിലും ആശങ്കയുണർത്തിയിട്ടുണ്ട്.