കോതമംഗലം: റാണിയും ഡോളിയും പീസ് വാലിയിൽ എത്തിയപ്പോൾ സെറയും ഇശലും അമിത്തും ശ്രീഹരിയും അതിരുകളില്ലാത്ത ആഹ്ലാദത്തിൽ. റാണിയും ഡോളിയും ഇവരുടെ സഹപാഠികളല്ല. വളർച്ചാപരമായ സവിശേഷതകൾ നേരിടുന്ന കുട്ടികൾക്കായുള്ള പീസ് വാലി ഏർലി ഇന്റർവെൻഷൻ സെന്ററിൽ പുതുതായി ആരംഭിച്ച ഹിപ്പോ തെറാപ്പി പരിശീലനത്തിന് എത്തിച്ച കുതിരകളാണ് റാണിയും ഡോളിയും. കുതിരയുടെ സ്വാഭാവികമായ ചലനങ്ങളെ തെറാപ്പിക്കായി ഉപയോഗിക്കുന്ന നൂതന സംവിധാനമാണ് ഹിപ്പോ തെറാപ്പി. സെറിബ്രൽ പാൾസി, ഓട്ടിസം, ഡൗൺ സിൻഡ്രോം പോലുള്ള സവിശേഷതകൾ നേരിടുന്ന കുട്ടികൾക്ക് ഏകാഗ്രത, ഹാൻഡ് ഐ കോ ഓർഡിനേഷൻ ഫൈൻ മോട്ടോർസ്കിൽസ് എന്നിവ വർദ്ധിപ്പിക്കാനും ജീവികളുമായി സംവദിക്കുന്നതിലൂടെ സാമൂഹിക ശേഷികൾ പരിപോഷിപ്പിക്കാനും ഹിപ്പോ തെറാപ്പിയിലൂടെ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിദേശത്ത് എറെ പ്രചാരത്തിലുള്ള ഈ സംവിധാനം കേരളത്തിൽ ആദ്യമായി പീസ് വാലിയിലാണ് നടപ്പിലാക്കുന്നത്.
കോതമംഗലം ഡി.എഫ്.ഒ മുഹമ്മദ് സൈനുൽ ആബ്ദീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒക്കുപ്പേഷൽ തെറാപ്പിസ്റ്റ് അലൻ വർഗീസ് ഹിപ്പോ തെറാപ്പിയെക്കുറിച്ച് വിശദീകരിച്ചു. പ്രത്യേക പരിശീലനം ലഭിച്ച കുതിരകളെയാണ് ഹിപ്പോ തെറാപ്പിക്കായി ഉപയോഗിക്കുന്നത്. മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.