കളമശേരി: കളമശേരി നഗരസഭയിൽ എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ പിഴച്ചു. വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കറിനെതിരെ 19 പേർ ഒപ്പിട്ട് നൽകിയ അവിശ്വാസ പ്രമേയം ക്വാറം തികയാത്തതിനാൽ ചർച്ചയ്ക്കെടുത്തില്ല. അസംതൃപ്തരുടെ കാലുമാറ്റവും അനുകൂല വോട്ടും പ്രതീക്ഷിച്ചാണ് ഭരണം അട്ടിമറിക്കാൻ എൽ.ഡി.എഫ് ഇറങ്ങിയതെങ്കിലും വിപ്പ് ലംഘിക്കാൻ ആരും തയ്യാറായില്ല.

റീജിയണൽ ജോയിന്റ് ഡയറക്ടർ അരുൺ രങ്കന്റെ അദ്ധ്യക്ഷതയിലായിരുന്നു കൗൺസിൽ യോഗം ചേർന്നത്. ബി.ജെ.പി അംഗം പ്രമോദ് തൃക്കാക്കരയും യു.ഡി.എഫ് അംഗങ്ങളും പങ്കെടുത്തില്ല. യു.ഡി.എഫിൽ നിന്ന് കൂറുമാറിയ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്.സുബൈർ ഉൾപ്പെടെ 21 എൽ.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

ചെയർപേഴ്സൺ സീമാ കണ്ണനെതിരെ തിങ്കളാഴ്ച നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ യു.ഡി.എഫ് കൗൺസിലർ ജമാൽ മണക്കാടനും ബി.ജെ.പി യുടെ പ്രമോദും പങ്കെടുക്കുകയും വോട്ടെടുപ്പുവേളയിൽ വിട്ടു നിൽക്കുകയും ചെയ്തതിനാൽ അവിശ്വാസം പരാജയപ്പെട്ടിരുന്നു,