കൊച്ചി: ഉന്നതവിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്നും സർക്കാരും ഗവർണ്ണറും സംയമനം പാലിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ മുൻ ഉപാദ്ധ്യക്ഷനുമായ പ്രൊഫ. പി.ജെ. കുര്യൻ പറഞ്ഞു. പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ മീറ്റ് ദി ലീഡേഴ്സ് പരമ്പര സംവാദം സെന്റ് തെരേസാസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനഭരണത്തിൽ ഗവർണ്ണറുടെ പങ്കാളിത്തം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുത്തു.

അക്കാഡമിക് മെറിറ്റ് അട്ടിമറിച്ചുകൊണ്ട് നടക്കുന്ന യൂണിവേഴ്സിറ്റി നിയമനങ്ങളും അംഗീകരിക്കാൻ കഴിയില്ല. ഇത് യൂണിവേഴ്സിറ്റികളുടെ സ്വയംഭരണാവകാശത്തെ തകിടംമറിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് രാഷ്‌ട്രീയക്കാർ വിട്ടു നിൽക്കുന്നതാണ് ഉചിതമെന്നും പി.ജെ. കുര്യൻ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് ഭരണഘടന അനുശാസിക്കുന്നതായി മുൻ ലോക്‌സഭ സെക്രട്ടറി ജനറലും ഭരണഘടന വിദഗ്ദ്ധനുമായ പി.ഡി.ടി. ആചാരി പറഞ്ഞു. ഗവർണർ ഭരണഘടനാ തലവനും മുഖ്യമന്ത്രി ഭരണത്തലവനുമാണ്. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ അനിശ്ചിതമായി ഗവർണർ നീട്ടിക്കൊണ്ടുപോകുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജേക്കബ്ബ് ജോർജ് മോഡറേറ്ററായി. സെന്റ് തെരേസാസ് കോളേജ് പ്രാവിൻഷ്യൽ സി.എസ്.ടി ആൻഡ് ഡയറക്‌ടർ സിസ്റ്റർ ഡോ. വിനീത സമ്മാനദാനം നിർവഹിച്ചു.