നെടുമ്പാശേരി: സ്വകാര്യ ബസിലെ യാത്രക്കാരിയായ വയോധികയുടെ സ്വർണമാല കവരാൻ ശ്രമിച്ച രണ്ട് യുവതികളെ യാത്രക്കാർ പിടികൂടി പൊലീസിന് കൈമാറി. തമിഴ്‌നാട് സേലം ഡി.ക്യു നഗർ മീൻതെരുവ് സ്വദേശികളായ പൊന്നി ശിവ (34), പുഷ്പ സൂര്യ (38) എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഉച്ചയോടെ കാരക്കാട്ടുകുന്ന് കവലയിലായിരുന്നു സംഭവം. മുനമ്പം - അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ കാരയ്ക്കാട്ടുകുന്ന് മാവേലിമന വീട്ടിൽ വിശ്വനാഥൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി (73)യുടെ മാലയാണ് കവരാൻ ശ്രമിച്ചത്. സാവിത്രിയുടെ പിന്നിലെ സീറ്റിലിരുന്ന യുവതികൾ മാലയുടെ കൊളുത്ത് അകത്തി വച്ചിരുന്നു. സാവിത്രി സ്റ്റോപ്പിൽ ഇറങ്ങാൻ നേരം മാല വസ്ത്രത്തിലേക്ക് വീണു. ഈ സമയം യുവതികൾ മാല കവരാൻ ശ്രമിച്ചെങ്കിലും സാവിത്രി ബഹളം വച്ചതോടെ യാത്രക്കാരും നാട്ടുകാരുമെത്തി യുവതികളെ പിടികൂടി.
ചെങ്ങമനാട് എസ്.ഐ ഷാജി എസ്. നായരുടെ നേതൃത്വത്തിൽ പൊലീസെത്തി യുവതികളെ കസ്റ്റഡിയിലെടുത്തു. ഇവർ വേറെയും മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.