• ഹരി​ത ട്രൈബ്യൂണൽ നൽകി​യ കാലാവധി​ അവസാനി​ച്ചു

• ശുദ്ധീകരണ പ്രവർത്തനങ്ങൾ തുടങ്ങി​യി​ല്ല

• റവന്യൂ വകുപ്പ് അതി​ർത്തി​ നി​ർണയി​ച്ചി​ല്ല

• ഇറി​ഗേഷൻ വകുപ്പ് ടെൻഡർ നടപടി​കളും വൈകുന്നു

തൃപ്പൂണിത്തുറ: കോണോത്തുപുഴ ശുദ്ധീകരിച്ച് സംരക്ഷിക്കണമെന്നുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ ആറുമാസത്തെ സമയപരിധി നവംബറിൽ അവസാനിച്ചിട്ടും ശുദ്ധീകരണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. ഇരുമ്പനം വെട്ടുവേലിക്കടവിൽ നിന്നാരംഭിച്ച് പൂത്തോട്ട മുറിഞ്ഞ പുഴയിൽ ചേരുന്ന 17 കിലോമീറ്റർ നീളമുള്ള ജില്ലയിലെ പ്രധാന പുഴകളിൽ ഒന്നാണ് കോണോത്തുപുഴ.

ട്രിബൂണലിന്റെ 2020 ലെ ഉത്തരവു പ്രകാരം സർക്കാർ 26 കോടിയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് നൽകിയത്. എന്നാൽ പുതിയ ജി.എസ്.ടി. നയംമൂലം അനുവദിച്ച തുകയിൽ 3 കോടിയോളം കുറഞ്ഞ് പദ്ധതി വിഹിതം 23.21 കോടിയായി ചുരുങ്ങും. കൂടാതെ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം കൂടി കണക്കാക്കുമ്പോൾ ഒരു വർഷം കഴിഞ്ഞ് നടത്തുന്ന ടെൻഡറിന് ഈ തുക തീരെ അപര്യാപ്തമാകും.

എറണാകുളം ജില്ലാ ഡെപ്യൂട്ടി സർവ്വേ വകുപ്പ് ആവശ്യപ്പെട്ട പ്രകാരം 11,79,130 രൂപ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, ചോറ്റാനിക്കര, ഉദയംപേരൂർ, മുളന്തുരുത്തി, ആമ്പല്ലൂർ പഞ്ചായത്തുകൾ ചേർന്ന് നൽകിയിരുന്നു. റവന്യൂ സർവേയർ തൃപ്പൂണിത്തുറയിലെ 20 കൈയേറ്റങ്ങൾ അടയാളപ്പെടുത്തി മുനിസിപ്പാലിറ്റിക്കും ഇറിഗേഷൻ വകുപ്പിനും സ്കെച്ച് കൈമാറി. പുഴയിൽ ഒരിടത്തും അതിർത്തി പോസ്റ്റുകൾ സ്ഥാപിച്ചിട്ടില്ല. അതിർത്തി പോസ്റ്റുകൾ സ്ഥാപിക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്.

പുഴയിലെ സർവേ ജോലികൾക്ക് കോടതി ഉത്തരവ് പ്രകാരമുള്ള 6 മാസത്തെ സമയപരിധി നവംബറിൽ അവസാനിച്ചെങ്കിലും റവന്യൂ വകുപ്പ് നാളിതുവരെ പുഴയുടെ ഇരുകരകളിലേയും കൈയേറ്റങ്ങൾ അളന്നു തിരിച്ച് അതിർത്തി പോസ്റ്റുകൾ സ്ഥാപിക്കാത്തതിനാൽ തുടർ നടപടികൾ സ്വീകരിക്കേണ്ട ഇറിഗേഷൻ വകുപ്പിന് ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ വയ്യാത്ത അവസ്ഥയാണ്. അതിർത്തി പോസ്റ്റുകൾ സ്ഥാപിച്ച് കഴിഞ്ഞാൽ മാത്രമേ വിസ്തീർണ്ണം കണക്കാക്കി നവീകരണത്തിനുള്ള ടെൻഡർ വിളിക്കാൻ സാധിക്കൂ.

ടെൻഡർ വൈകുമ്പോൾ പദ്ധതി ചെലവും ആനുപാതികമായി വർദ്ധിക്കുമെന്നുള്ള ആശങ്കയുണ്ട്. രണ്ട് വകുപ്പുകളുടെയും അലംഭാവം മൂലം പുഴ ശുദ്ധീകരണ പ്രവൃത്തികൾക്ക് അനുവദിച്ച തുക ലാപ്സാകാനുമി​ടയുണ്ട്.

മണകുന്നം വില്ലേജ് പാടശേഖര സംരക്ഷണസമിതിയും മുളന്തുരുത്തി ശാസ്ത്ര സാഹിത്യ പരിഷത്തും നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് മേയ് 2022ൽ ദേശീയ ഹരിത ട്രിബ്യൂണലിൽ നിന്ന് അനുകൂല വിധി നേടിയത്.

കോണത്തുപുഴ

ദൈർഘ്യം : 17 കി​.മീ

ശുദ്ധീകരണ പദ്ധതി​ : 26 കോടി​

കൈയേറ്റങ്ങൾ : 20

തീരം : തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, ചോറ്റാനിക്കര, ഉദയംപേരൂർ, മുളന്തുരുത്തി, ആമ്പല്ലൂർ പഞ്ചായത്തുകൾ