ആലുവ: ഓൾ കേരള സി.ബി.എസ്.ഇ ക്ളസ്റ്റർ ലവൻ ഫുട്ബാൾ ടൂർണമെന്റ് ഇന്ന് മുതൽ 12 വരെ ആലുവ നഗരസഭ ഗ്രൗണ്ടിലും തോട്ടുമുഖം ക്രെസന്റ് പബ്ളിക് സ്കൂൾ ഗ്രൗണ്ടിലുമായി നടക്കുമെന്ന് ക്രെസെന്റ് സ്കൂൾ മാനേജർ പി.എസ്. അബ്ദുൾ നാസർ, ദേശീയ മുൻ ഫുട്ബാൾ താരം എം.ടി. ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാല് പൂളുകളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നായി 65 സ്കൂൾ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
ഇന്ന് രാവിലെ ഒമ്പതിന് നടക്കുന്ന പ്രദർശന മത്സരത്തിൽ തേവക്കൽ വിദ്യോദയ സ്കൂളും തിരുവനന്തപുരം ഒക്സ്ഫോർഡ് സ്കൂളും ഏറ്റുമുട്ടും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ പൊലീസ് സൂപ്രണ്ട് എ.പി. ഷൗക്കത്തലി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
ക്രെസെന്റ് സ്കൂൾ ചെയർമാൻ ഡോ. സി.എം. ഹൈദ്രാലി, പ്രിൻസിപ്പാൾ റൂബി ഷെർദിൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.