ആലുവ: ബിവറേജ്സ് കോർപ്പറേഷന്റെ ആലുവ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തുന്നവർ ഇനിയും വെയിലും മഴയും സഹിക്കേണ്ടിവരും. മദ്യപന്മാരുടെ ദുരിതം ഒഴിവാക്കുന്നതിനായി അടുത്തിടെ സ്ഥാപിച്ച താത്കാലിക മേൽക്കൂര നഗരസഭ ഇടപെട്ട് നീക്കംചെയ്തു.
ആലുവ റെയിൽ റോഡിൽ പഴയ പങ്കജം കവലക്ക് സമീപം പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റിൽ വരുന്നവർക്കാണ് ദുർഗതി. തണൽ ലഭിക്കാനായി റോഡരികിലേക്ക് നിർമ്മിച്ച താത്കാലിക മേൽക്കൂരയാണ് ഇന്നലെ പുലർച്ചയോടെ കെട്ടിടം ഉടമതന്നെ നീക്കിയത്.
നഗരസഭയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അഴിച്ചു മാറ്റിയില്ലെങ്കിൽ നഗരസഭ സ്വന്തം നിലയിൽ ജെ.സി.ബി ഉപയോഗിച്ച് നീക്കുമെന്ന് നോട്ടീസ് പ്രകാരം അറിയിച്ചിരുന്നു. അതിന്റെ ചെലവ് ഉടമ വഹിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചിരുന്നു.
മദ്യം വാങ്ങാനെത്തുന്നവരെ വെയിലത്ത് നിറുത്തരുതെന്ന കോടതി നിർദ്ദേശം പാലിക്കുകയാണ് ചെയ്തതെന്നും സ്ഥലം കൈയേറിയിട്ടില്ലെന്നും ഉടമ നൈസ് പഞ്ഞിക്കാരൻ പറഞ്ഞു. പരാതിയുടെ പിന്നിൽ വ്യക്തിവിദ്വേഷമാണെന്ന് ഉടമ ആരോപിച്ചു.