വൈപ്പിൻ: ഇക്വറ്റേറിയൽ ഗിനിയയിൽ സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിക്കപ്പെട്ട് നാലമാസം മുമ്പ് നൈജീരിയൻ നാവികസേനയുടെ തടങ്കലിലായ ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള നാവികരുടെ മോചനം കഴിയുന്നത്ര വേഗം സാദ്ധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാവികർ സുരക്ഷിതരാണെന്നും അവർ കഴിയുന്ന കപ്പലിലെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെട്ടതാണെന്നും നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഉദ്ധരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മുളവുകാട് സ്വദേശി മിൽട്ടൻ ഡിക്കോത്ത് ഉൾപ്പെടെയുള്ള നാവികരുടെ സുരക്ഷയും മോചനവും ഉന്നയിച്ച് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ സബ്മിഷന് നൽകിയ മറുപടിയിൽ നാവികരെ എത്രയും വേഗം വിട്ടയയ്ക്കാൻ എല്ലാ നിയമസഹായവും ക്ഷേമവും ഉറപ്പാക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർ നടപടികൾക്കായി വിദേശകാര്യ മന്ത്രാലയവും നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി നിരന്തരം ബന്ധപ്പെടുന്നുണ്ട്.