wc
അടിക്കുറിപ്പ്: കൂടാലപ്പാട് സ്ഥാപിച്ച ലോകകപ്പ് മാതൃക.

പെരുമ്പാവൂർ: ലോകകപ്പ് ഫുട്‌ബാളിന്റെ മുഴുവൻ ആവേശവും നെഞ്ചിലേറ്റിയ കൂടാലപ്പാടെന്ന കൊച്ചുഗ്രാമത്തി​ലെ കളിയാരാധകർ ഫെബിൻ പത്രോസ് എന്ന കലാകാരനു കീഴിൽ അണിനിരന്നപ്പോൾ പിറന്നത് ഇറ്റാലിയൻ ശിൽപി സിൽവിയോ ഗസാനിക തീർത്ത ലോകകപ്പി​ന്റെ മാതൃക.

വിജയത്തിന്റെ ആവേശത്തിൽ സർപ്പാകൃതിയിലുള്ള രൂപങ്ങളായി ഭൂഗോളത്തിന്റെ നേരെ കൈ നീട്ടുന്ന രണ്ടു കായിക താരങ്ങൾ നിൽക്കുന്ന മാതൃകയിൽ 18 കാരറ്റ് സ്വർണത്തിൽ കൊത്തിയെടുത്ത 36.5 സെന്റീമീറ്റർ ഉയരവും 6.175 കിലോഗ്രാംതൂക്കവുമുള്ളതാണ് ലോകകപ്പ്. ഫിഫാ ലോകകപ്പിന്റെ കേരളത്തിലെ ഏറ്റവും വലിപ്പമുള്ള പടുകൂറ്റൻ മാതൃകയാണ്. പാഴ്‌വസ്തുക്കൾ കൊണ്ട് മാത്രമാണ് ലോകകപ്പ് മാതൃക നിർമ്മിച്ചിരിക്കുന്നത്.
നൂറ് കണക്കിന് പേരാണ് 'സ്വർണക്കപ്പ് ' കാണുവാനായി കൂടാലപ്പാട് ക്രിസ്തുരാജ കപ്പേളയ്ക്ക് മുൻവശമുള്ള പുൽമൈതാനത്തേക്കെത്തുന്നത്.
ജോലി സമയം കഴിഞ്ഞുള്ള രാത്രി സമയങ്ങളിൽ പല ദിവസങ്ങളിലായാണ് ലോകകപ്പ് മാതൃകയുടെ പണി പൂർത്തീകരിച്ചത്. പ്രധാന ശില്പി ഫെബിനോടൊപ്പം ബിനു മുത്തേടൻ, ആർഡിൻ, ആൽബിൻ ജോയി, അലോഷി, അനൂപ് ലൈജു,എബ്രാം ജോയി, ജിബിൻ, ജിക്കു ജോയി, സിനു, പോൾസൺ, പൗലോച്ചൻ, ആഷിക്, അഖിൽ ഷാജി, ക്ലിറ്റസ് സേവ്യർ, അരുൺ ആന്റണി തുടങ്ങിയവരും നിർമ്മാണത്തിൽ പങ്കാളികളായി.