 
ആലുവ: ആലുവ നഗരസഭ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം 12ന് വൈകിട്ട് നാലിനി മുനിസിപ്പൽ ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ബെന്നി ബെഹനാൻ, ജെബി മേത്തർ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ആലുവ സ്വദേശികളും ചലച്ചിത്ര താരങ്ങളുമായ അമല പോൾ, നിവിൻപോളി, ബാബുരാജ്, സിജു വിൽസൺ എന്നിവരെ ആദരിക്കും. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, നഗരസഭ വൈസ് ചെയർമാൻ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, മിനി ബൈജു, എം.പി. സൈമൺ, ലിസ ജോൺസൺ, ഫാസിൽ ഹുസൈൻ, പ്രതിപക്ഷനേതാവ് ഗെയിൽസ് ദേവസി എന്നിവർ സംസാരിക്കും. നഗരസഭ ചെയർമാൻ എം.ഒ. ജോൺ സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഷാഫി നന്ദിയും പറയും. തുടർന്ന് കൊച്ചിൻ കലാഭവന്റെ ഗാനസന്ധ്യ.
ആദരിക്കൽ ചടങ്ങിൽ നടൻ ദിലീപില്ല
ശതാബ്ദി സമാപന സമ്മേളനത്തിൽ ആലുവക്കാരായ സിനിമ താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ ദിലീപില്ല. സിനിമാ മേഖലയിലെ സ്വാധീനമുള്ള താരമായിട്ടും വിവാദങ്ങളിൽപ്പെട്ട് നിൽക്കുന്നതിനാലാണ് ഒഴിവാക്കിയതെന്നാണ് സൂചന. ശതാബ്ദി ആഘോഷത്തിന് തുടക്കംകുറിച്ച് നഗരസഭയിൽ നടന്ന ചടങ്ങിൽ ലോഗോ പ്രകാശിപ്പിച്ചത് ദിലീപായിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നതിനിടെ താരത്തെ പങ്കെടുപ്പിച്ചത് ഏറെ വിവാദവുമായിരുന്നു.
ഒപ്പം ദിലീപിന്റെ അന്നത്തെ പ്രസംഗവും വിവാദത്തിന് ആക്കം കൂട്ടിയിരുന്നു.