ചോറ്റാനിക്കര: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മുളന്തുരുത്തി പഞ്ചായത്ത് നീന്തൽകുളം തുറക്കാൻ തീരുമാനം.

കാരിക്കോട് ഗവൺമെന്റ് യു.പി സ്കൂളിൽ നിർമ്മിച്ച മഹാത്മാഗാന്ധി സെമി ഒളിമ്പിക് ഇൻഡോർ സ്വിമ്മിംഗ് പൂൾ ഉദ്ഘാടനം നടത്തി രണ്ടര വർഷത്തിനു ശേഷമാണ് തുറക്കുന്നത്.

1.55 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച നീന്തൽകുളം ഉപയോഗിക്കാതിരിക്കുന്നത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞയാഴ്ച വാർത്ത നൽകിയിരുന്നു. തുടർന്ന് പഞ്ചായത്തിനെതിരെ ഡി.വൈ.എഫ്. ഐ അടക്കമുള്ള സംഘടനകൾ രംഗത്തുവന്നു. വിഷയം വിവാദമായതോടെയാണ് പഞ്ചായത്തിന്റെ ഇടപെടൽ.

മുളന്തുരുത്തി വൈ.എം.സി.എയാണ് നീന്തൽകുളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത്. രണ്ടുവർഷത്തെ നടത്തിപ്പ് എന്ന വ്യവസ്ഥയിൽ പഞ്ചായത്തും വൈ.എം.സി.എയും ധാരണയായി. ഇന്ന് രാവിലെ 11.00 മണിക്ക് കരാർ ഒപ്പിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ വെന്നി പറഞ്ഞു. അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച്,​ നിരീക്ഷണ കാമറ സ്ഥാപിച്ച് ക്രിസ്മസിന് മുമ്പ് പൂളിൽ നീന്തൽ പരിശീലനത്തിന് അവസരമൊരുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന 18 വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു ദിവസവും കാരിക്കോട് സ്കൂളിലെ വിദ്യാർഥികൾക്ക് രണ്ട് ദിവസവും ഒരു മണിക്കൂർ സൗജന്യ പരിശീലനം ലഭിക്കും. മുളന്തുരുത്തി പഞ്ചായത്ത് പരിധിയിലെ സ്കൂളിൽ പഠിക്കുന്ന മറ്റു പഞ്ചായത്തുകാരായ വിദ്യാർത്ഥികൾക്ക് 500 രൂപ നിരക്കിലും മറ്റുള്ളവർക്ക് 1000 രൂപ നിരക്കിലും ആഴ്ചയിൽ ഒരു ദിവസം സ്കൂളിൽ പരിശീലിക്കാം. പുരുഷ,​ വനിതാ പരിശീലകരുടെ സേവനവും ലഭ്യമാക്കും. സാധാരണ ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ 8 വരെയും വൈകിട്ട് ആറു മുതൽ 9 വരെയും അവധി ദിവസങ്ങളിൽ രാവിലെ ആറ് മുതൽ രാത്രി 9 വരെയുമാണ് പൂളിന്റെ പ്രവർത്തന സമയം. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് നടത്തിപ്പിന് സംഘടനകളെ ക്ഷണിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

രണ്ടുവർഷമായി അടഞ്ഞുകിടന്ന പൂളിന്റെ ശുചീകരണവും അറ്റകുറ്റപ്പണികളും ആരംഭിച്ചിട്ടുണ്ട്.