binnale

കൊച്ചി: നാലുമാസം നീളുന്ന അന്താരാഷ്ട്ര കലാപ്രകടനമായ കൊച്ചി മുസിരിസ് ബിനാലെയിൽ വൻപ്രതീക്ഷയോടെ ടൂറിസം, ഹോട്ടൽ മേഖല. കെവിഡിനുശേഷം ടൂറിസം മേഖലയുടെ പുത്തനുണർവിന് ബിനാലെ വഴിതെളിക്കുമെന്നാണ് പ്രതീക്ഷ. ബിനാലെ കാണാൻ വിദേശ, ആഭ്യന്തര സഞ്ചാരികൾ എത്തുന്നത് ടൂറിസം രംഗത്തെ സജീവമാക്കുമെന്നാണ് വിലയിരുത്തൽ.

ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകളിലെ 14 വേദികളിലാണ് ബിനാലെ സംഘടിപ്പിക്കുന്നത്. ഈമാസം 10ന് ആരംഭിക്കുന്ന ബിനാലെ ഏപ്രിൽ 10 വരെ നീളും. വിദേശത്തും സ്വദേശത്തുമുള്ള പ്രശസ്തരായ കലാകാരന്മാരാണ് സൃഷ്ടികളുമായി ബിനാലെയുടെ അഞ്ചാം പതിപ്പിന് കൊച്ചിയിലെത്തുക. കൊവിഡ് മാറിയതിനാൽ ഇക്കുറി വൻതോതിൽ കലാപ്രേമികൾ എത്തുമെന്നാണ് പ്രതീക്ഷ.

ടൂറിസം വകുപ്പും

ബിനാലെയെ ജില്ലയിലെയും സംസ്ഥാനത്തെയും ടൂറിസം കേന്ദ്രങ്ങളുടെ പ്രചാരണത്തിന് വിനിയോഗിക്കുമെന്ന് ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു. ബിനാലെയുടെ പ്രധാന വേദികളിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) സ്റ്റാളുകൾ തുറക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങളും പാക്കേജുകളും ഉൾപ്പെടെ ലഭ്യമാക്കും. ബിനാലെ കാണാനെത്തുന്നവരെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ആകർഷിക്കുകയുമാണ് ലക്ഷ്യം. ഡി.ടി.പി.സിയുടെ ഓഫീസുകളിൽ ബിനാലെ സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കും.

ഹോട്ടലുകൾ പ്രതീക്ഷയിൽ

നവംബറിൽ ടൂറിസം സീസൺ സജീവമായതിന് പിന്നാലെ ബിനാലെ എത്തുന്നത് ഹോട്ടൽ, റിസോർട്ട്, റെസ്റ്റോറന്റ് മേഖലയ്ക്കും ഉണർവ് പകരും. വിനോദസഞ്ചാരികളുടെ വരവ് വർദ്ധിച്ചിട്ടുണ്ട്. ഹോട്ടലുകൾക്ക് കൂടുതൽ ബുക്കിംഗും അന്വേഷണങ്ങളും ലഭിക്കുന്നുണ്ട്. ഡിസംബർ, ജനുവരി മാസങ്ങളിലേയ്ക്ക് പ്രമുഖ ഹോട്ടലുകളിൽ പലതിലും മുറികൾ ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ബിനാലെ കാലത്ത് കൂടുതൽ വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നതായി ഹോട്ടൽ വൃത്തങ്ങൾ പറഞ്ഞു.

ഫ്രഞ്ച് ഫുഡ് പാക്കറ്റ് റെഡി

ബിനാലെ സന്ദർശിക്കാനെത്തുന്നവരെ പ്രതീക്ഷിച്ച് റെസ്റ്റോറന്റുകൾ പാക്കേജുകൾ ഒരുക്കുന്നുണ്ട്. ബിനാലെ വേദികളിലെത്തുന്നവരെ ലക്ഷ്യമിട്ട് പ്രത്യേക ഫുഡ് പാക്കറ്റ് ഒരുക്കുമെന്ന് ഫോർട്ടുകൊച്ചിയിലെ കഫേ നോയർ റെസ്റ്റോറന്റ് അധികൃതർ പറഞ്ഞു. ഫ്രഞ്ച് വിഭവങ്ങൾ വിളമ്പുന്ന ഫോർട്ടുകൊച്ചിയിലെ ആദ്യ റെസ്റ്റോറന്റാണ് കഫേ നോയർ. വിദേശികൾ ഉൾപ്പെടെ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ബിനാലെക്ക് പ്രത്യേക ഫുഡ് പാക്കറ്റ് ഒരുക്കുന്നത്. ചെറുതും വലുതുമായ മറ്റു റസ്റ്റോറന്റുകളും ബിനാലെ പ്രതീക്ഷയിലാണ്.

ഫോർട്ടുകൊച്ചിക്ക് ഉണർവ്

ബിനാലെയ്ക്ക് വേദിയാകുന്ന ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകളാണ്. ഫോർട്ടുകൊച്ചിയിലുള്ള ആസ്പിൻ വാളാണ് പ്രധാന വേദി. കബ്രാൽ യാർഡ് , പെപ്പർ ഹൗസ്, ആനന്ദ് വെയർഹൗസ് ഉൾപ്പടെ 14 വേദികളുണ്ട്. പൈതൃകമേഖലയായ ഇവിടെ മുൻവർഷങ്ങളിൽ വൻതോതിൽ സഞ്ചാരികൾ എത്തിയിരുന്നു. ഹോട്ടലുകൾ മുതൽ ഓട്ടോറിക്ഷകൾക്കു വരെ ബിനാലെ വഴി സാമ്പത്തികനേട്ടം ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച്ച ഉദ്ഘാടനം

ബിനാലെയുടെ അഞ്ചാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച്ച വൈകിട്ട് 6ന് ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ ഉദ്ഘാടനം. ബിനാലെയുടെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.