cancer

കൊച്ചി: കൊച്ചി കാൻസർ സെന്ററിലെത്തുന്ന രോഗികൾക്ക് റേഡിയേഷൻ ചികിത്സ നൽകാൻ സ്വകാര്യ ആശുപത്രികളുമായുണ്ടാക്കിയ ധാരണപാത്രം റദ്ദാക്കണമെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികൾക്ക് കാരുണ്യ ഫണ്ട് നേടാൻ സഹായിക്കുന്നതാണ് ധാരണാപത്രമെന്ന് മൂവ്മെന്റ് ആരോപിച്ചു.

കാൻസർ സെന്ററിലെ രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് ആകർഷിക്കാനുള്ള നീക്കമാണിത്. കാൻസർ സെന്ററിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോക്ടർമാർ സ്വകാര്യ ആശുപത്രിയിൽ പോയി സൗജന്യസേവനം നൽകുമോയെന്നും ആശങ്കയുണ്ട്. കൊച്ചി കാൻസർ സെന്ററിലേയ്ക്ക് മൂന്ന് ലീനിയർ ആക്സിലറേറ്റർ മെഷീനുകൾ ഓർഡർ ചെയ്തിട്ടുണ്ട്.
മദ്ധ്യകേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ ലഭിക്കുന്നതിനാണ് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നേതൃത്വത്തിൽ കൊച്ചി കാൻസർ സെന്റർ രൂപീകരിക്കാൻ പ്രവർത്തിച്ചത്. ഈ ലക്ഷ്യം അട്ടിമറിക്കാൻ കാൻസർ സെന്റർ അധികൃതർ തന്നെ കൂട്ടുനിൽക്കുന്ന സാഹചര്യമുണ്ടെന്നാണ് ആരോപണം.

ധാരണാപത്രം ഒപ്പിടാനുണ്ടായ സാഹചര്യം അന്വേഷിക്കുകയും റദ്ദാക്കാൻ നടപടി സ്വീകരിക്കുകയും വേണം. കാൻസർ സെന്ററിന്റെ പുതിയ കെട്ടിടം പൂർത്തിയാക്കി റേഡിയേഷൻ ചികിത്സാ സൗകര്യങ്ങൾ വരുന്നതുവരെ ജനറൽ ആശുപത്രിയിൽ നിന്ന് രോഗികൾക്ക് റേഡിയേഷൻ ചികിത്സ ലഭിക്കുന്ന സംവിധാനം തുടരണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.