ആലുവ: സെന്റ് തോമസ് മാർത്തോമ്മാ ദേവാലയം പ്ളാറ്റിനം ജൂബിലി സമാപന സമ്മേളനം 11ന് രാവിലെ 10ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുമെന്ന് വികാരി റവ. ജോൺസൺ സി. ജേക്കബ്, ജനറൽ കൺവീനർ മത്തായി കോശി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് മുഖ്യപ്രഭാഷണം നടത്തും. ജെബി മേത്തർ എം.പി, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ എന്നിവർ സംസാരിക്കും. ആഘോഷ കമ്മിറ്റി ജോയിന്റ് കൺവീനർ തോമസ് ഐസക്ക്, ട്രസ്റ്റി ഫെബി ജോൺ എബ്രഹാം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
50ലക്ഷംരൂപയുടെ ക്ഷേമ പദ്ധതികൾ
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 50 ലക്ഷം രൂപയുടെ സാമൂഹിക ക്ഷേമ പദ്ധതികൾ നടപ്പാക്കി. നിർദ്ധന കുടുംബത്തിന് 11ലക്ഷംരൂപ ചെലവിൽ കീഴ്മാട് 650 ചതുരശ്രഅടിയുള്ളൽ വീട് നിർമ്മിച്ച് നൽകി. ആലുവ ജില്ലാ ആശുപത്രിയിൽ 100 ഡയാലിസിസിനുള്ള മരുന്നുകൾ, ഉപകരണങ്ങൾ, കാർമ്മൽ ആശുപത്രിയുമായി ചേർന്ന് 750 ഡയാലിസിസ്, കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 7.5 ലക്ഷം രൂപ, 20 കുട്ടികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സഹായമായി ഒരു വർഷത്തെ ഫീസ് എന്നിവ നൽകി.
നിർദ്ധനരായ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം, കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തികസഹായം, മെഡിക്കൽ ക്യാമ്പ്, ആരോഗ്യ - കൃഷിവിജ്ഞാന - വയോജന ബോധവത്കരണ ക്ലാസുകൾ, വേദപഠനം സഭയുടെ മിഷൻഫീൽഡുകൾക്ക് സഹായം, കുട്ടികൾക്കും യുവജനങ്ങൾക്കും സൈബർ ഡി അഡിക്ഷൻ ക്ലാസ് എന്നീ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.