അങ്കമാലി:ചാരിറ്റിയുടെ പേരിൽ നെൽപ്പാടത്ത് അനധികൃതമായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ, പരാതിയെത്തുടർന്ന് അങ്കമാലി വില്ലേജ് ഓഫീസർ തടഞ്ഞു. പീച്ചാനിക്കാട് ഐയ്ക്കാട്ടുകടവിൽ അമലാ ഫെലോഷിപ്പ് നടത്തിയ പാടം കുഴിയ്ക്കലാണ് തടഞ്ഞത്. വർഷങ്ങൾക്കു മുമ്പ് നാലേക്കർ പാടശേഖരം നികത്താൻ നടത്തിയ നീക്കം നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനെത്തുടർന്ന് പാടത്തിന്റെ കരയിൽ അമ്പതു സെന്റ് ഭൂമി വാങ്ങി കെട്ടിടം നിർമ്മിച്ചുവെന്ന് കർഷക സംഘം ഭാരവാഹികൾ പറഞ്ഞു. ഇതിനിടെയാണ് കെട്ടിടത്തിനു തൊട്ടു താഴെയുള്ള പാടം കുഴിച്ച മണ്ണു കൊണ്ട് ബണ്ടു പണിയാൻ ശ്രമം തുടങ്ങിയത്. കേരള കർഷക സംഘം പീച്ചാനിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ അങ്കമാലി വില്ലേജ് ഓഫീസർക്ക് പരാതി നൽകിയതിനെത്തുടർന്ന് പണി നിർത്തിവയ്ക്കാൻ ഉത്തരവിറക്കി. പിന്നീട് മണ്ണു മാറ്റാൻ ശ്രമം നടത്തിയത് അങ്കമാലി പൊലീസ് ഇടപെട്ടു തടഞ്ഞു. കെട്ടിടത്തിനു തൊട്ടു താഴെയായി അപകടകരമായ തരത്തിൽ ആഴത്തിൽ കുഴിച്ച കുഴി വെള്ളം നിറഞ്ഞു കിടക്കുകയാണ്. കുഴിച്ച ഭൂമി നികത്തി പൂർവ്വസ്ഥിതിയിലാക്കാത്ത പക്ഷം അപകടങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നും കർഷക സംഘം ഭാരവാഹികൾ പറഞ്ഞു.