കൊച്ചി: ശിവഗിരി തീർത്ഥാടന നവതി, ബ്രഹ്മവിദ്യാലയ കനകജൂബിലി, ശ്രീനാരായണഗുരു -മഹാകവി രവീന്ദ്രനാഥ ടാഗോർ സംഗമ ശതാബ്ദി ആഘോഷങ്ങളുടെ മദ്ധ്യമേഖലാ സമ്മേളനം 11ന് 2.30ന് എറണാകുളം ഡർബാർഹാൾ ഗ്രൗണ്ടിൽ നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള സമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ശിവഗിരി ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. തീർത്ഥാടന നവതി ആഘോഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ധർമ്മചൈതന്യ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.

ഗുരുദേവ ദർ‌ശനങ്ങളെയും സന്ദേശങ്ങളെയും കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടിയ ദമ്പതികളായ ‌ഡോ. സുരാജ് ബാബു, ഡോ. ഗീതാ സുരാജ് എന്നിവരെ

എഴുത്തുകാരൻ പ്രൊഫ. എം.കെ.സാനു ആദരിക്കും.

മേയ‌ർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ് എന്നിവർ മുഖ്യാതിഥികളാകും. കാലടി സർവകലാശാല മുൻ വി.സി ഡോ. കെ.എസ്.രാധാകൃഷ്ണൻ, എസ്.എൻ.ജി.എസ് അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ വി.കെ. മുഹമ്മദ് ഭിലായി, എസ്.എൻ.ജി.എസ് സോണൽ വൈസ് പ്രസിഡന്റ് കെ.ആർ. ശശിധരൻ, ഗുരുധർമ്മ പ്രചാരണസഭ രജിസ്ട്രാർ അഡ്വ. പി.എം. മധു, സംഘാടക സമിതി ചെയ‌ർമാൻ പി.എസ്. ബാബുറാം, ജനറൽ കൺവീനർ എൻ.കെ. ബൈജു എന്നിവർ പ്രസംഗിക്കും.

എറണാകുളത്തെ 26 ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയൊരുക്കുന്ന പരിപാടിയിൽ കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ളവ‌ർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ പി.എസ്. ബാബുറാം, എൻ.കെ. ബൈജു, അഡ്വ.പി.എം. മധു, ഷാജിമോൻ എന്നിവർ അറിയിച്ചു.