മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ തീർത്ഥോത്സവം 29 മുതൽ ജനുവരി 6 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിളംബര പത്രികാപ്രകാശനം കാലടിയിൽ നടന്ന ചടങ്ങിൽ സ്വാമി ചിദാനന്ദപുരി നിർവഹിച്ചു. സുധീർ ചൈതന്യ, ഡോ. പി. നന്ദകുമാർ, തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്ര മാനേജ്‌മെന്റ് അംഗം നാരായണ ശർമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തീർത്ഥോത്സവമെന്ന പേരിൽ നടക്കുന്ന ആദ്ധ്യാത്മികോത്സവത്തിൽ ഭാഗവതസത്രം, ഭാഗവതപാരായണം, അച്യുതഭാരതി സ്വാമിക്ക് വരവേൽപ്, കലാസാഹിതീജ്ഞാനസന്ധ്യ, സമൂഹലക്ഷാർച്ചന എന്നിവ നടത്തും. ഭാഗവതസത്രത്തിൽ മാടശേരി നീലകണ്ഠൻ നമ്പൂതിരി പരമാചാര്യനും അരുണൻ ഇരളിയൂർ യജ്ഞാചാര്യനുമാവും.

29ന് രാവിലെ 5.30ന് നടക്കുന്ന അഷ്ടദ്രവ്യമഹാഗണപതിഹോമം. രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ സമ്പൂർണ നാരായണീയ പാരായണം. വൈകിട്ട് 4ന് പ്രവീൺ കാമ്പ്രത്തിന്റെ ഭജനാമൃതം. ഗവതസത്രത്തിന്റെ ഭദ്രദീപപ്രതിഷ്ഠയും മാഹാത്മ്യപ്രഭാഷണവും സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി നിർവഹിക്കും. മഹാകവി അക്കിത്തത്തിന്റെ പുത്രൻ അക്കിത്തം നാരായണൻ നമ്പൂതിരി അക്കിത്തം അനുസ്മരണം നടത്തും. ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും.

സത്രദിനങ്ങളിൽ യജ്ഞാചാര്യന്മാർക്കുപുറമേ ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരി, പദ്മനാഭൻ ഇരിഞ്ഞാടപ്പിള്ളി, സജീവ് മംഗലത്ത്, ആയേടം കേശവൻ നമ്പൂതിരി, കിഴക്കേടത്ത് മാധവൻ നമ്പൂതിരി, പുളിക്കാപ്പറമ്പ് ദാമോദരൻ നമ്പൂതിരി, പുല്ലയിൽഇല്ലത്ത് ശ്രീവത്സൻ നമ്പൂതിരി എന്നിവർ പ്രഭാഷണം നടത്തും. തിരുവാതിരദിനത്തിൽ സമൂഹ ലക്ഷാർച്ചന. എല്ലാ ദിവസവും പ്രഭാഷണവും കലാപരിപാടികളും ഉണ്ടാകും.

സനാതന ധർമ്മസംഘം ഡയറക്ടർ നാരായണ ശർമ്മ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മനോജ്കുമാർ, എക്സിക്യുട്ടീവ് ഓഫീസർ ശ്രീകാന്ത് എം.എൻ, സംയോജകൻ കെ.പി. ശ്രീകുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.