കൊച്ചി: ഇലക്ട്രോണിക് ഉപകരണം വാങ്ങിയപ്പോൾ മുതൽ തകരാറിലാവുകയും പിന്നീട് ഉപയോഗശൂന്യമാവുകയും ചെയ്താൽ അത് നിർമ്മാണവൈകല്യമായി അനുമാനിക്കാമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി വ്യക്തമാക്കി. തുടർച്ചയായി തകരാറിലായ ലാപ്ടോപ്പ് മാറ്റി പുതിയത് നൽകുകയോ പലിശസഹിതം വില ഉപഭോക്താവിന് തിരിച്ചുനൽകുകയോ ചെയ്യാൻ എതിർകക്ഷികൾക്ക് കോടതി നിർദ്ദേശം നൽകി. 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും ഒരു മാസത്തിനകം നൽകണമെന്നും ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കോടതി ഉത്തരവിട്ടു.

നെട്ടൂർ സ്വദേശിയായ ദിലീപ് ബി. മേനോൻ എച്ച്.പി ഇന്ത്യയ്‌ക്കെതിരേ നൽകിയ പരാതിയിലാണ് ഈ വിധി. 32,823 രൂപയ്ക്കാണ് ലാപ്‌ടോപ് വാങ്ങിയത്. അന്നു മുതൽ തകരാർ കണ്ടു തുടങ്ങി. കമ്പനിയെ പല തവണ സമീപിച്ചെങ്കിലും തകരാർ ശാശ്വതമായി പരിഹരിക്കപ്പെട്ടില്ല. ലാപ് ടോപ്പിലുണ്ടായിരുന്ന ഡാറ്റ നഷ്ടപ്പെടുകയും ചെയ്തു.

വാറന്റി കാലയളവിനുള്ളിൽ തന്നെ തകരാറിലാകുകയും തുടർച്ചയായി റിപ്പയറിംഗ് വേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ വിദഗ്ദ്ധ പരിശോധനയില്ലാതെ തന്നെ ലാപ് ടോപ്പിന് ന്നിർമ്മാണവൈകല്യമുണ്ടെന്ന് അനുമാനിക്കാമെന്ന് കോടതി വിലയിരുത്തി