കൊച്ചി /തോപ്പുംപടി : കോർപ്പറേഷനിലെ മരാമത്തുപണികൾ ഏറ്റെടുത്തിട്ടുള്ള കരാറുകാരുടെ സമരം അവസാനിപ്പിക്കാൻ മേയറുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന രണ്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു.

കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ടു കരാറുകാർ സമരം ആരംഭിച്ചതോടെ 21 ദിവസവുമായി കോർപ്പറേഷനിലെ മരാമത്തുപണികൾ നിലച്ചിരിക്കുകയാണ്.
2019 ജൂൺ മുതലുള്ള 42 മാസത്തെ കുടിശികയാണ് കോർപ്പറേഷൻ കരാറുകാർക്കു നൽകാനുള്ളത്. ഇത് ഏകദേശം 100 കോടി രൂപ വരും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോർപ്പറേഷന് സംസ്ഥാന സർക്കാരിൽ നിന്ന് പെൻഷൻ ഫണ്ട്, ജി.എസ്.ടി ഇനങ്ങളിലായി കോടിക്കണക്കിനു രൂപ കിട്ടാനുണ്ട്. ഇതു ലഭ്യമാക്കി കരാറുകാരുടെ കുടിശിക തീർക്കാനായിരുന്നു ശ്രമം. ഇതിനായി മേയർ എം. അനിൽകുമാർ മന്ത്രിമാരുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഈ പണം ലഭ്യമാകാതെ കരാറുകാരുടെ കുടിശിക തീർക്കാനാകാത്ത നിലയിലാണു കോർപ്പറേഷൻ.

* പിൻമാറാതെ കരാറുകാർ

2019 സെപ്റ്റംബർ വരെയുള്ള നാലു മാസത്തെ കുടിശിക 23നകവും 2019 ഡിസംബർ വരെയുള്ള തുക 2023 ജനുവരി 31 ന് മുമ്പും നൽകുക,​ 2023 മാർച്ച് 31വരെയുള്ള വാർഷിക നികുതി കളക്‌ഷനിൽ നിന്ന് 2020 ജനുവരി മുതലുള്ള പരമാവധി തുക അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് കരാറുകാർ ഇന്നലെ മുന്നോട്ടുവച്ചത്. സെപ്റ്റംബ‌ർ വരെയുള്ള കുടിശിക 25 ന് മുമ്പും ബാക്കി അടുത്ത മാർച്ചിലും നൽകാമെന്നായിരുന്നു മേയറിന്റെ മറുപടി. ഇതിനോട് വിയോജിച്ച സമരസമിതി ഇന്നു മുതൽ സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു.

* ചർച്ചകൾ തുടരും


ജനുവരി ആദ്യവാരത്തിൽ തന്നെ 2019 ഡിസംബർ വരെയുള്ള കരാറുകാരുടെ കുടിശിക തീർക്കാനാണു ശ്രമിക്കുന്നത്. നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കരാറുകാർക്കും ബോധ്യമുള്ളതാണ്. സമരം അവസാനിപ്പിക്കാനുള്ള ശ്രമം തുടരും.
എം. അനിൽകുമാർ,
മേയർ

* ഇനി വിട്ടുവീഴ്ചയില്ല

15 വർഷത്തിലറെയായി കരാർ മേഖലയിലുള്ളവരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. കൗൺസിലർമാരുടെ വാക്കു വിശ്വസിച്ചാണ് പ്രവൃത്തികൾ ഏറ്റെടുക്കുന്നത്. കുടിശിക തുക ലഭിക്കാതെ പണികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. സമരം തീരുന്നതുവരെ ടെൻഡറുകളിൽ ഉൾപ്പെടെ കരാറുകാർ പങ്കെടുക്കില്ല.''
എം.ആർ. ബിനു
കരാറുകാരുടെ സംയുക്ത സമര സമിതി കൺവീനർ