ആലുവ: ആലുവ നഗരസഭയുടെ ഒരു വർഷത്തെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം 12ന് വൈകിട്ട് നാലിന് മുനിസിപ്പൽ ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ബെന്നി ബെഹനാൻ, ജെബി മേത്തർ എന്നിവർ മുഖ്യാതിഥികളായിരിക്കും. സിനിമ താരങ്ങളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിൻ കലാഭവന്റെ ഗാനസന്ധ്യ നടക്കും.
2021 ഡിസംബർ 30നാണ് ശതാബ്ദി ആഘോഷം ആരംഭിച്ചത്. തുടർന്ന് ചെറുതും വലുതുമായ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. 10 നിർദ്ധനർക്ക് വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചു. നാല് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. മൂന്ന് എണ്ണത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. മൂന്ന് എണ്ണം കൂടി നിർമ്മിച്ച് നൽകും. മരതകത്തോപ്പ് പദ്ധതിയും തുടരുമെന്ന് ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ സൈജി ജോളി, സ്വാഗതസംഘം ജനറൽ കൺവീനർ എം.എൻ. സത്യദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സെക്രട്ടറി മുഹമ്മദ് ഷാഫി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, മിനി ബൈജു, എം.പി. സൈമൺ, ലിസ ജോൺസൺ, ഫാസിൽ ഹുസൈൻ, പ്രതിപക്ഷനേതാവ് ഗെയിൽസ് ദേവസി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രതിപക്ഷ നേതാവ് പങ്കെടുത്തു,
മറ്റ് പ്രതിപക്ഷാംഗങ്ങളെല്ലാം വിട്ടുനിന്നു
ആലുവ: നഗരസഭയുടെ ശതാബ്ദി സമാപന സമ്മേളനത്തെ കുറച്ച് വിശദീകരിക്കാനായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തത് ശ്രദ്ധേയമായി. പ്രതിപക്ഷത്തെ എൽ.ഡി.എഫ്, ബി.ജെ.പി, സ്വതന്ത്ര കൗൺസിലർമാരെല്ലാം വിട്ടുനിന്നപ്പോഴും പ്രതിപക്ഷ നേതാവ് ഗെയിൽസ് ദേവസി പയ്യപ്പിള്ളി വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ സാന്നിദ്ധ്യം വാർത്താസമ്മേളനത്തിൽ ചെയർമാൻ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് എന്ന നിലയിൽ ഇടത് കൗൺസിലർമാർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. ശതാബ്ദി ഉദ്ഘാടന സമ്മേളനത്തിലും പിന്നീട് ചെയർമാന്മാരുടെ സമ്മേളനത്തിലുമാണ് പ്രതിപക്ഷം പങ്കെടുത്തത്. മറ്റെല്ലാ പരിപാടികളിൽ നിന്നും പ്രതിപക്ഷം വിട്ടുനിന്നു. ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ ആരോപണം.