ആലുവ: പണം നൽകാത്തതിന് ഹോട്ടൽ ഉടമയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചു തകർക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ഗാരേജിന് സമീപം ശക്തി ഫുഡ്സ് എന്ന കടയിലാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ ഒരാൾ പെട്രോൾ തീർന്നുവെന്നും 200 രൂപ വേണമെന്നും കടഉടമ തമിഴ്‌നാട് സ്വദേശി ശക്തിവേലിനോട് ആവശ്യപ്പെട്ടു. പരിചയമില്ലാത്തതിനാൽ തരാനാവില്ലെന്ന് വ്യക്തമാക്കിയപ്പോൾ കൈയേറ്റം ചെയ്യാനൊരുങ്ങി. മൊബൈൽനമ്പർ തന്നാൽ പണം നൽകാമെന്നറിയിച്ചപ്പോൾ കടയിലെ കറികളും മറ്റും വലിച്ചെറിഞ്ഞു. ഭയന്ന ശക്തിവേൽ കടപൂട്ടി മടങ്ങിയപ്പോഴാണ് ഇയാൾ വീണ്ടുമെത്തി കട തല്ലിത്തകർത്തത്. സി.സി ടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഏതാനും മാസങ്ങൾ മുമ്പ് സമീപത്തെ മറ്റൊരു ഹോട്ടലും ഗുണ്ടകൾ തല്ലിത്തകർത്തിരുന്നു. 16-ാം വയസിൽ ആലുവായിൽ ഇഷ്ടികക്കളത്തിൽ ജോലിക്കെത്തിയ ശക്തിവേൽ ഹോട്ടലുകളിൽ പാത്രം കഴുകി വരുമാനമുണ്ടാക്കി ഫുഡ് ടെക്‌നോളജിയിൽ ഡിപ്ലോമ കരസ്ഥമാക്കിയ ആളാണ്‌.