m0-c-drill
കളമശേരി തോഷിബ ജംഗ്ഷനിൽ നടന്ന മോക്ഡ്രിൽ

കളമശേരി: സീ പോർട്ട് -എയർപോർട്ട് റോഡരികിൽ ബി.പി.സി.എല്ലിന്റെ പൈപ്പ് പൊട്ടി പെട്രോൾ ചോരുന്ന കാഴ്ച പൊടുന്നനെയാണ് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ കണ്ടത്. പരിഭ്രമിച്ചെങ്കിലും അവസരോചിതമായി പെരുമാറിയ ഡ്രൈവർ അടുത്തുണ്ടായിരുന്ന സുരക്ഷാ ബോർഡിലെ നമ്പറിൽ ബന്ധപ്പെട്ട് കമ്പനി അധികൃതരെ വിവരമറിയിച്ചു. ഉടൻ ബി.പി.സി.എൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ റോഡരികിൽ ആളുകൾ തിങ്ങിക്കൂടിയ സമയത്ത് പൊട്ടിത്തെറി ഉണ്ടായി പുക പരന്നു. പരിഭ്രാന്തരായെങ്കിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടത്തുന്ന മോക്ഡ്രില്ലാണെന്ന് മനസിലായതോടെ പ്രദേശവാസികളും യാത്രക്കാരും സഹകരിച്ചു.

ഇന്നലെ രാവിലെ 10.30നാണ് ബി.പി.സി.എല്ലുമായി സഹകരിച്ച് രാസവസ്തുക്കൾ മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യം നേരിടുന്നത് സംബന്ധിച്ച് കളമശേരി തോഷിബ ജംഗ്ഷനിൽ ഡ്രിൽ നടത്തിയത്.

കളമശേരി നഗരസഭ, എഫ്.എ.സി.ടി, എച്ച്.ഒ.സി, ഐ.ഒ.സി.എൽ, എച്ച്.ഐ.എൽ എന്നിവയും കെ.എസ്.ഇ.ബി, മലിനീകരണ നിയന്ത്രണ ബോർഡ്, ഇന്റർ ഏജൻസി ഗ്രൂപ്പ് തുടങ്ങി വിവിധ വകുപ്പുകളും മോക്ഡ്രില്ലിന്റെ ഭാഗമായി.ജില്ലാ കളക്ടർ ഡോ. രേണു രാജ് സ്ഥലം സന്ദർശിച്ച് മോക്ഡ്രില്ലിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി.