വരുമാനം കുറഞ്ഞെന്ന് നഗരസഭ
കൊച്ചി: തിരുവനന്തപുരം നഗരസഭയ്‌ക്കകത്തും പുറത്തും നടക്കുന്ന പ്രതിഷേധ സമരം പ്രവർത്തനത്തെ ബാധിക്കുന്നെന്നാരോപിച്ച് ഡെപ്യൂട്ടി മേയർ പി.കെ. രാജു നൽകിയ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കോൺഗ്രസ്, ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാക്കൾക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാനാണ് നിർദ്ദേശം. ഹർജിയിലെ ആരോപണം ശരിവച്ച് സർക്കാരും നഗരസഭയും ഹൈക്കോടതിയിൽ റിപ്പോർട്ടു നൽകി. നഗരസഭയുടെ പ്രധാന ഓഫീസിൽ കഴിഞ്ഞ ഒക്ടോബറിൽ 6.04 കോടി രൂപയാണ് വരുമാനമായി ലഭിച്ചതെങ്കിൽ സമരത്തെ തുടർന്ന് നവംബറിൽ വരുമാനം 3.80 കോടി രൂപയായി കുറഞ്ഞെന്ന് നഗരസഭ റിപ്പോർട്ട് നൽകി.
നഗരസഭയുടെ പ്രധാനകവാടത്തിൽ ജീവനക്കാരെയും പൊതുജനങ്ങളെയും തടഞ്ഞുകൊണ്ടുള്ള സമരം ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സമരം പലപ്പോഴും അക്രമാസക്തമാകുന്നുവെന്നും സമരവുമായി ബന്ധപ്പെട്ട് 32 കേസ് രജിസ്റ്റർ ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. ഹർജി 13ന് വീണ്ടും പരിഗണിക്കും. അക്രമ സമരത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾക്ക് സമരക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.