തൃക്കാക്കര: തൃക്കാക്കരയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ നിയമിച്ചതിനെ ചൊല്ലി തർക്കം. തൃക്കാക്കര വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കമറുദ്ദീനെ മാറ്റി പകരം പി.എം.ലത്തീഫിനെ നിയമിച്ചതിനെ ചൊല്ലിയാണ് എ ഗ്രൂപ്പിൽ ഭിന്നത രൂക്ഷമായിരിക്കുന്നത്. തൃക്കാക്കരയിലെ മുതിർന്ന എ ഗ്രൂപ്പ് നേതാക്കളും ഡി.സി.സി സെക്രട്ടറിമാരുമായ പി.ഐ. മുഹമ്മദാലിയും സേവ്യർ തായങ്കേരിയും തമ്മിലാണ് തർക്കം ഉടലെടുത്തിരിക്കുന്നത്.
സേവ്യർ തായങ്കേരിയുടെ അടുപ്പക്കാരനാണ് പുതിയ മണ്ഡലം പ്രസിഡന്റ്. നിയമനം സംബന്ധിച്ച് ഡി.സി.സി ഭാരവാഹി പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ അറിയിച്ചതോടെയാണ്
ഇവർ തമ്മിൽ ഭിന്നത പുറത്തായത്.ഏകപക്ഷീയമായി ജില്ലാ ഭാരവാഹി മണ്ഡലം പ്രസിഡന്റിനെ തീരുമാനിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് മണ്ഡലം കമ്മിറ്റി അംഗങ്ങൾ വാട്ട്സാപ്പ് ഗ്രൂപ്പിൽ മറുപടിയിട്ടു.പ്രതിഷേധം ശക്തമായതോടെ പുതിയ മണ്ഡലം പ്രസിഡന്റിന് ചാർജ് ഏറ്റെടുക്കാൻ കഴിഞ്ഞില്ല. തൃക്കാക്കര വെസ്റ്റ് മണ്ഡലം കമ്മിറ്റി എ ഗ്രൂപ്പിനാണ് നൽകിയിട്ടുള്ളത്. തൃക്കാക്കരയിലെ മുതിർന്ന എ ഗ്രൂപ്പ് നേതാവ് പി.ഐ.മുഹമ്മദാലിയുടെ നേതൃത്വത്തിൽ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഡി.സി.സി പ്രസിഡന്റിനെ സമീപിച്ചിരിക്കുകയാണ്