കോലഞ്ചേരി: വടവുകോട് ബ്ളോക്കിൽ 17നുശേഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിക്ക് ഡി.സി.സി നിർദ്ദേശം നൽകി. 13 അംഗ ഭരണ സമിതിയി​ൽ ഇവിടെ യു.ഡി.എഫ് - 5, ട്വന്റി20 - 5 എൽ.ഡി.എഫ് - 3 എന്നിങ്ങനെയാണ് കക്ഷിനില.

തുടക്കത്തിൽ പ്രസിഡന്റായി​രുന്ന യു.ഡി.എഫിലെ വി.ആർ. അശോകന്റെ നിര്യാണത്തെ തുടർന്ന് ട്വന്റി ട്വന്റി​യിലെ റസീന പരീത് പ്രസിഡന്റായി. ഉപതിരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി.എഫ് വിജയിച്ചതോട‌െ യു.ഡി.എഫിനും ട്വന്റി ട്വന്റി​ക്കും അഞ്ച് വീതം അംഗങ്ങളായി. ഈ സാഹചര്യത്തിലാണ് നിലവിലുള്ള പ്രസിഡന്റ് റസീന പരീതിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യു.ഡി.എഫ് തീരുമാനിച്ചത്. അവിശ്വാസത്തെ എൽ.ഡി.എഫ് പിന്തുണക്കും. തുടർന്ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് എന്തു നിലപാട് എടുക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

നിലവിൽ ബ്ളോക്ക് ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനവും ഒരു സ്​റ്റാൻഡിംഗ് കമ്മി​റ്റിയും യു.ഡി.എഫിനും രണ്ട് സ്​റ്റാൻഡിംഗ് കമ്മി​റ്റി സ്ഥാനം എൽ.ഡി.എഫിനുമാണ്. ആദ്യം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ട്വന്റി20 വിട്ടുനിന്നിരുന്നു. ഇതേത്തുടർന്നാണ് അഞ്ച് അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. നിലവിൽ ഇവിടെ എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾക്കാണ് സ്​റ്റാൻഡിംഗ് കമ്മി​റ്റികളിൽ ഭൂരിപക്ഷം. അതുകൊണ്ടു തന്നെ മറ്റ് കമ്മിറ്റികളിൽ ഒന്നും അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാകില്ല.