start-up

കൊച്ചി: വിദ്യാർത്ഥികളുടെ ചെറുസംഘങ്ങളുണ്ടാക്കി സാങ്കേതികവിദ്യാ പഠനത്തിന് അവസരം ഒരുക്കുന്ന സ‌്റ്റാർട്ടപ്പായ ടിങ്കർ ഹബ് ഫൗണ്ടേഷന് ഒരുകോടി രൂപയുടെ ഫണ്ട് ലഭിച്ചു. ഇന്ത്യയിൽ സ്വതന്ത്ര ഓപ്പൺ കോഡ് സോഴ്‌സിംഗ് സംസ്കാരം വളർത്തുകയെന്ന ഉദ്ദേശ്യത്തോടെ സെരോധയും ഇ.പി.ആർ നെക്സ്റ്റും ചേർന്ന് രൂപീകരിച്ച ഫോസ് യുണൈറ്റഡ് വഴിയാണ് ഫണ്ട്. സ്റ്റാർട്ട് അപ്പിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും ഓപ്പൺ ലേണിംഗിന് ആവശ്യമായ ഇടം ഒരുക്കാനും മൂന്നുവർഷത്തേക്കാണ് ഫണ്ട് നൽകുന്നത്.

കേരളത്തിലെ 75 കോളേജുകളിലായി 14,000ലേറെ രജിസ്ട്രേഡ് അംഗങ്ങൾ ടിങ്കർ ഹബിനുണ്ട്. അംഗങ്ങൾക്ക് സ്വയംപഠിച്ച് ഓരോ വ്യവസായമേഖലയ്ക്കും സഹായകമാവുന്നവിധം വൈദഗ്ദ്ധ്യം കൈവരിക്കാൻ ടിങ്കർ ഹബ് സൗകര്യമൊരുക്കും. ഒത്തുചേർന്നു പഠിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും യുവാക്കളെ പ്രാപ്തരാക്കുകയെന്ന ആശയത്തിന്റെ പ്രതിരൂപമാണ് ടിങ്കർ ഹബെന്ന് സെരോധ സി.ടി.ഒ കൈലാഷ് നാഥ് പറഞ്ഞു.

കുസാറ്റിൽ ചെറു പഠനസംഘമായി 2014ലാണ് ടിങ്കർ ഹബ് നിലവിൽ വന്നത്. ലാഭേച്ഛയില്ലാതെയാണ് പ്രവർത്തനമെന്ന് ടിങ്കർ ഹബിന്റെ സി.ഇ.ഒയും കോ ഫൗണ്ടറുമായ എം.പി.മൂസ മെഹർ പറഞ്ഞു.