കൊച്ചി / തോപ്പുംപടി : കൊച്ചി കോർപ്പറേഷനിലെ കരാറുകാരുടെ സമരം ഒത്തുതീർപ്പായി. 2019 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കുടിശിക ഈ മാസം 25 നുള്ളിൽ നൽകാമെന്ന് മേയറുടെ ചേംബറിൽ നടന്ന ചർച്ചയിൽ ധാരണയായി. ബാക്കി തുക 2023 ഫെബ്രുവരി 28 നുള്ളിൽ നൽകും. 2020ലെ ബില്ലുകളുടെ തുകകൾ മാർച്ചിൽ ലഭിക്കുന്ന കളക്ഷൻ അനുസരിച്ച് നൽകും.

മുൻഗണനാ പട്ടികയിൽ പെടുത്തി ഒരു പ്രവൃത്തിയും ടെൻഡർ ചെയ്യില്ല. സിനിയോരിറ്റി മറികടന്ന് ഇനി ഫണ്ടുകൾ അനുവദിക്കില്ല എന്ന തീരുമാനവും അംഗീകരിക്കപ്പെട്ടതോടെയാണ് സമരം പിൻവലിച്ചത്. കുടിശിക ആവശ്യപ്പെട്ട് കഴിഞ്ഞ 22 ദിവസമായി കരാറുകാർ സമരത്തിലായിരുന്നു. രണ്ടു ചർച്ചകളും പരാജയപ്പെട്ടതോടെ കരാറുകാർ മരാമത്ത് പണികൾ പൂർണമായി നിർത്തിവച്ചു. ടെൻഡർ നടപടികൾ ബഹിഷ്കരിച്ചു. ഇതേതുടർന്നാണ് ഇന്നലെ വീണ്ടും ചർച്ച നടന്നത്.