കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കോർപ്പറേഷൻ വരുമാനം വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുന്നു. നികുതിവരുമാനത്തിൽ മുപ്പതു ശതമാനം വർദ്ധനയാണ് ലക്ഷ്യമിടുന്നത്. മാലിന്യശേഖരണ വകയിൽ യൂസർഫീയായി നിലവിൽ 70 ലക്ഷം രൂപയാണ് ലഭിക്കുന്നത്. അത് രണ്ടു കോടി രൂപയിലെത്തിക്കും . ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി സെക്രട്ടറി കൗൺസിൽ യോഗത്തിൽ അറിയിച്ചു. വാട്ട്‌സാപ്പ് വഴിയാവും നികുതി പിരിവ്. ബിൽ തുക ഉപയോക്താവിന്റെ ഫോൺ നമ്പറിലേക്കെത്തും. ജി.പേ, ഫോൺ പേ എന്നിവ വഴി ബിൽ അടയ്ക്കാനുള്ള സംവിധാനം 20 ദിവസത്തിനുള്ളിൽ സജ്ജമാകും. 500 രൂപയ്ക്ക് മേലെയുള്ള ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു. ഇത് കോർപ്പറേഷൻ ഓഫീസിലും സോണൽ ഓഫീസുകളിലും അടയ്ക്കാം. നികുതിപിരിവ് 80 ശതമാനം ഓൺലൈനാക്കിയതായി മേയർ എം. അനിൽകുമാർ പറഞ്ഞു. കോർപ്പറേഷന്റെ ധനസ്ഥിതി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് സ്പെഷ്യൽ കൗൺസിൽ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
* തട്ടിപ്പ് തടയും
നികുതിപിരിവ് പൂർണമായും ഓൺലൈനിലേക്ക് മാറുന്നതോടെ ബിൽ കളക്‌ടർമാർ സ്ക്രൂട്ടിനി ഏജന്റുമാരാകും. റെസിഡൻഷ്യൽ ബിൽഡിംഗിന്റെ മറവിൽ അനധികൃതമായി പ്രവർത്തിക്കുന്ന കൊമേഴ്സ്യൽ സ്ഥാപനങ്ങളെയും ത്രീസ്റ്റാർ നികുതി അടച്ച് ഫെൈവ് സ്റ്റാറായി പ്രവർത്തിക്കുന്ന ഹോട്ടലുകളെയും പിടികൂടാനുള്ള ഉത്തരവാദിത്വം ഇവരെ ഏല്പിക്കുമെന്ന് സെക്രട്ടറി പറഞ്ഞു. ജീവനക്കാർക്ക് ടാർഗറ്റ് ഉണ്ടായിരിക്കും.
8500 സ്ഥാപനങ്ങളിൽ നിന്നായി മാലിന്യം ശേഖരിക്കുന്ന ഇനത്തിൽ 16 ലക്ഷം രൂപയാണ് യൂസർഫീയായി നേരത്തെ ലഭിച്ചിരുന്നത്. ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളെ തുടർന്ന് ഇത് 70 ലക്ഷം രൂപയായി ഉയർന്നതായി എൽ.ഡി.എഫ് കൗൺസിലർ ബെനഡിക്‌ട് ഫെർണാണ്ടസ് പറഞ്ഞു.
നഗരത്തിൽ മൂന്നു ലക്ഷം കെട്ടിടങ്ങളാണുള്ളത്. എല്ലാത്തിനും ഒരേ നികുതിയാണ് ഇപ്പോൾ ഈടാക്കുന്നത്. ഇതിൽ 1.7 കെട്ടിടങ്ങൾ കൊമേഴ്സ്യൽ സ്ഥാപനങ്ങളാണ്. അടുത്ത ഘട്ടത്തിൽ കൊമേഴ്സ്യൽ ബിൽഡിംഗുകളിൽ നിന്നുള്ള നികുതി പിരിച്ചെ
ടുക്കുന്നതിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും.
* പ്രതിമാസ ചെലവ്
ജീവനക്കാരുടെ ശമ്പളം : 3.4 കോടി
മാലിന്യനീക്കത്തിനായി സ്വകാര്യ വാഹനങ്ങൾക്കുള്ള വാടക: 80
കുടിവെള്ളം: 15 ലക്ഷം
ബ്രഹ്മപുരത്തെ മാലിന്യസംസ്കരണം: 30-35 ലക്ഷം
വൈദ്യുതി: 1.48 കോടി