നെടുമ്പാശേരി: ബട്ടൺ രൂപത്തിലാക്കി ട്രോളി ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 6.5 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. സംഭവത്തിൽ കാസർകോട് സ്വദേശി മുഹമ്മദ് പിടിയിലായി. ദുബായിയിൽ നിന്ന് ഇന്നലെ പുലർച്ചെ എത്തിയ മുഹമ്മദിൽ നിന്ന് നാല് ബട്ടൺ രൂപത്തിലുള്ള 140 ഗ്രാം സ്വർണമാണ് പിടികൂടിയത്. വിമാനത്തിൽ നിന്നിറങ്ങിയ ഇയാൾ സ്വർണം ട്രോളി ബാഗിന്റെ കൈപ്പിടിയിലേക്ക് മാറ്റിയ ശേഷം അതിന്മേൽ ബാൻഡേജ് ഒട്ടിച്ചു. അതിനുശേഷം ടിഷ്യൂ പേപ്പറുകൾ കൊണ്ട് പൊതിഞ്ഞു. കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാൾ ട്രോളിയിൽ നിന്ന് കൈമാറ്റിയില്ല. സംശയം തോന്നിയ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്. പതിവ് രീതിയിലുള്ള സ്വർണക്കടത്ത് പിടിയിലാകുന്ന സാഹചര്യത്തിലാണ് കടത്തുകാർ പുതുരീതികൾ പരീക്ഷിക്കുന്നത്.