കൊച്ചി: നഗരത്തിലെ കാനകൾ കോരുന്നതിനായി യന്ത്രങ്ങളെ ഉപയോഗിക്കാൻ ആലോചന. വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെന്നൈ നഗരത്തിൽ നടപ്പാക്കി വിജയിച്ച ഈ രീതി കൊച്ചിയിലും നടപ്പാക്കാനാണ് നീക്കം. 2017ൽ ചെന്നൈ നഗരത്തിലുണ്ടായ
കനത്ത വെള്ളക്കെട്ടിനെ തുടർന്ന് വർഷത്തിൽ ഒരു തവണ കോരുന്നതിനു പകരം ഇടയ്ക്കിടെ കാന വൃത്തിയാക്കി തുടങ്ങി. ജെ.സി.ബി മാതൃകയിലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് കാനയിലെ വെള്ളവും മാലിന്യങ്ങളും വലിച്ചെടുക്കുന്ന ഈ രീതി ഫലപ്രദമാണെന്ന് തമിഴ്നാട് സ്വദേശിയായ സെക്രട്ടറി ഉൾപ്പെടെ നിരവധി പേർ അറിയിച്ചതായി കഴിഞ്ഞ കൗൺസിൽ യോഗത്തിൽ മേയർ പറഞ്ഞിരുന്നു. ഇതേകുറിച്ച് പഠിക്കുന്നതിനായി കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച ചെന്നൈ സന്ദർശിച്ചു.
ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ ചെന്നൈ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ കാന ക്ളീനിംഗിന്റെ പ്രവർത്തനരീതി പ്രദർശിപ്പിച്ചു. ഏഴു കോടി രൂപയാണ് യന്ത്രത്തിന്റെ വില. പേരണ്ടൂർ കനാൽ കോരുന്നതിനായി മാത്രം ഏഴു കോടി രൂപയാണ് കോർപ്പറേഷൻ ചെലവാക്കുന്നതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. ആകെ ഒരു മാസമാണ് ഈ പ്രവൃത്തി ചെയ്യുന്നത്. പിന്നീട് പോള മാറ്റാൻ പറഞ്ഞാൽ പോലും അതു നടക്കാറുമില്ല. എല്ലാ വർഷവും കാന കോരണമെന്ന് കോടതി കർശന നിർദ്ദേശം നൽകിയ സാഹചര്യത്തിൽ യന്ത്രം വാങ്ങുന്നത് സാമ്പത്തികമായി ലാഭകരമായിരിക്കുമെന്ന് മേയർ അഭിപ്രായപ്പെട്ടു. യന്ത്രത്തിന് തകരാർ ഉണ്ടായാൽ അറ്റകുപ്പണികളും കമ്പനി ചെയ്തുതരണമെന്ന് ആവശ്യപ്പെടും. എന്നാൽ പ്രതിപക്ഷം ആശങ്കകൾ ഉന്നയിച്ചതോടെ അടുത്ത കൗൺസിലിൽ ഇതു സംബന്ധിച്ച് കൂടുതൽ ചർച്ച നടത്താൻ തീരുമാനിച്ചു.