കൊച്ചി: സിറോ മലബാർ സഭ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നൽകാനുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി നീട്ടി. ഹർജി പരിഗണിക്കുന്നത് 14ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഉത്തരവിന്റെ കാലാവധി നീട്ടിയത്.

കുർബാന തർക്കത്തിൽ ബിഷപ്പ് ഹൗസിന് മുമ്പിൽ സമരംചെയ്യുന്ന അതിരൂപത സംരക്ഷണസമിതി, അൽമായ മുന്നേറ്റസമിതി പ്രവർത്തകരിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ആർച്ച് ബിഷപ്പ് നൽകിയ ഹർജിയിൽ ജസ്റ്റിസ് അനു ശിവരാമൻ നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

മാർപ്പാപ്പയുടെ നിർദേശ പ്രകാരം സിനഡ് തീരുമാനിച്ച ഏകീകൃത കുർബാനയർപ്പണം നടപ്പാക്കുന്നതിൽ ആർക്കും ഇളവുനൽകാൻ തനിക്കാവില്ലെന്നും വൈദികരടക്കമുള്ളവർ ബിഷപ്പ് ഹൗസിനെ പ്രക്ഷോഭവേദിയാക്കിയെന്നും ഹർജിയിൽ പറയുന്നു. എതിർകക്ഷികൾ കൂടുതൽ സമയംതേടിയതിനെത്തുടർന്നാണ് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റിയത്.