ആലുവ: തോട്ടക്കാട്ടുകര - കിഴക്കേ കടുങ്ങല്ലൂർ റോഡ് വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പുതുക്കിയ അലൈൻമെന്റ് പ്രകാരം സ്ഥലം അളന്ന് മാർക്ക് ചെയ്യുന്ന പ്രവർത്തനത്തിന് തുടക്കമായി. 12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുക. ഏഴ് മീറ്റർ വീതിയിലുള്ള ടാർ റോഡിനൊപ്പം സർവീസ് റോഡ്, കാനയും നടപ്പാതയും, കേബിൾ ഡക്ട് എന്നിവ ഉൾപ്പെടെയാണ് 12 മീറ്റർ വീതിയിലുള്ള റോഡ്. കിഴക്കേ കടുങ്ങല്ലൂർ മുതൽ പെരിക്കപ്പാലം വരെയുള്ള റോഡ് മാർക്കിംഗ് പൂർത്തിയായി. പൊതു മരാമത്ത് പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. ഇതിനു ശേഷം സംയുക്ത പരിശോധനയും സാമൂഹ്യാഘാത പഠനവും നടക്കുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പി. രാജീവ് പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജി​നീയറുടെ അംഗീകാരവും പുതിയ അലൈൻമെന്റിന് ലഭിച്ചു. രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന തോട്ടക്കാട്ടുകര - കിഴക്കേ കടുങ്ങല്ലൂർ ഭാഗത്ത് മതിയായ വീതി റോഡിന് ലഭിക്കുന്നതോടെ കൂടുതൽ സുരക്ഷിതമായ യാത്രാസൗകര്യം ലഭിക്കും. പുതിയ അലൈൻമെന്റ് മാർക്കിംഗിന് ശേഷമുള്ള തുടർ നടപടികളും വേഗത്തിലാക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.