തൃക്കാക്കര: ഓഹരി വിപണിയിൽ മുതൽമുടക്കി വൻലാഭം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ മാസ്റ്റേഴ്സ് ഗ്രൂപ്പ്
ഉടമകളായ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസും (40) ഭാര്യ ശ്രീരഞ്ജിനിയും മക്കളും വിദേശത്തേക്കു കടന്നതായി പൊലീസിന് വിവരം ലഭിച്ചു. പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി.
നവംബർ 29ന് രാത്രി നെടുമ്പാശേരിയിലാണ് ഇവരുടെ അവസാനത്തെ മൊബൈൽ ടവർ ലൊക്കേഷൻ. മുംബയ് വഴി രാജ്യം വിട്ടതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാൽ അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിന് പൊലീസ് കത്ത് നൽകി.
തൃക്കാക്കര ഭാരതമാതാ കോളേജിന് എതിർവശം ചക്കരംപിളളി അവന്യൂ ബിൽഡിംഗിലെ ഓഫീസിലുള്ള കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്കുകൾ നീക്കം ചെയ്ത നിലയിലാണ്. നാല്പതോളം കമ്പ്യൂട്ടറുകളിൽ 14 എണ്ണത്തിൽ മാത്രമേ ഹാർഡ് ഡിസ്‌ക്കുകൾ ഉണ്ടായിരുന്നുള്ളൂ.
14 ഹാർഡ് ഡിസ്കുകളും രേഖകളും തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എട്ടു കോടി നഷ്ടപ്പെട്ടെന്ന് പുതിയ പരാതി
മാസ്റ്റേഴ്സ് ഗ്രൂപ്പിനെതിരെ ആറ് പരാതികൾ കൂടി ലഭിച്ചു. ഇവ പ്രകാരം, പറവൂർ സ്വദേശിയുടെ അഞ്ചു കോടി ഉൾപ്പെടെ എട്ടു കോടി രൂപ നഷ്ടമായി. മുമ്പ് ലഭിച്ച പരാതികൾ പ്രകാരം പ്രതികൾ 200 കോടി തട്ടിയെടുത്തിട്ടുണ്ട്.
ഫോണിലൂടെ പരാതികൾ എത്തുന്നുണ്ടെങ്കിലും അധികം പേരും രേഖാമൂലം നൽകാൻ മടിക്കുകയാണ്. സിനിമാ താരങ്ങൾ, പ്രവാസികൾ, ഡോക്ടർമാർ തുടങ്ങിയവരാണ് കെണിയിൽപ്പെട്ടവരിൽ ഏറെയും.
കബളിപ്പിക്കപ്പെട്ടവരിൽ റിട്ട. ജഡ്ജിയും ഉൾപ്പെട്ടതായി സൂചന. പണം നഷ്ടമാകുമെന്നറിഞ്ഞ മുൻ ജഡ്ജി, എബിന്റെ വാഴക്കാലായിലെ വീടും സ്ഥലവും ഒരു ബന്ധുവിന്റെ പേരിൽ എഴുതി വയ്പിച്ചെന്നാണ് വിവരം.