photo

മഹാത്ഭുതങ്ങളൊന്നും സംഭവിച്ചില്ല - ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വീണ്ടും വെന്നിക്കൊടി പാറിച്ചു. മത്സരം തീർത്തും ഏകപക്ഷീയമായിരുന്നു. അഭിപ്രായ വോട്ടെടുപ്പുകളും എക്സിറ്റ് പോൾ സൂചനകളും അതു ശരിവച്ചു. കോൺഗ്രസ് പാർട്ടി ചിത്രത്തിൽ ഒരിടത്തും ഉണ്ടായിരുന്നില്ല.

ആം ആദ്മി പാർട്ടിയുടെ വരവ് പ്രതിപക്ഷവോട്ടുകൾ ഭിന്നിപ്പിക്കും എന്നുറപ്പായിരുന്നു. കൂനിന്മേൽ കുരുവായി മുസ്ളിം ഭൂരിപക്ഷ മേഖലകളിൽ അസദുദ്ദീൻ ഒവൈസിയുടെ മുസ്ളിം മജിലിസെയും രംഗത്തിറങ്ങി. മറുഭാഗത്ത് ബി.ജെ.പി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. നരേന്ദ്രമോദി പ്രചരണത്തിന്റെ ചുക്കാൻ പിടിച്ചു, അമിത് ഷാ പിഴയ്ക്കാത്ത തന്ത്രങ്ങളും ഒരുക്കി. ആർ.എസ്.എസിന്റെ സംഘടനാബലവും വ്യവസായികളുടെ നിർലോപമായ പിന്തുണയും അവർക്ക് കരുത്തായി. മുൻ തിരഞ്ഞെടുപ്പുകളിൽ മുഖംതിരിച്ചു നിന്ന പാട്ടീദാർ സമുദായം ഇത്തവണ ബി.ജെ.പി ക്യാമ്പിലേക്ക് തിരിച്ചു വന്നു. പട്ടേൽ പ്രക്ഷോഭത്തിന്റെ നായകസ്ഥാനത്തുനിന്ന ഹാർദിക് പട്ടേൽ ബി.ജെ.പിയിൽ ചേർന്നു എന്നു മാത്രമല്ല,

തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. പാട്ടീദാർ സമുദായത്തെ കൂടെനിറുത്താൻ വേണ്ടിയാണ് കഴിഞ്ഞവർഷം വിജയ് രൂപാണിയെ മുഖ്യമന്ത്രി കസേരയിൽനിന്ന് നീക്കിയതും അധികമാരുമറിയാത്ത ഭൂപേന്ദ്ര പട്ടേലിനെ തൽസ്ഥാനത്ത് അവരോധിച്ചതും. അവരുടെ കണക്കുകൂട്ടലുകൾ അശേഷവും പിഴച്ചില്ല. അങ്ങനെ ഏഴാം തവണയും ഗുജറാത്തിൽ ബി.ജെ.പിക്ക് വിജയിക്കാൻ കഴിഞ്ഞു ; ഇതാദ്യമായി 150 എന്ന മാന്ത്രികസംഖ്യ മറികടക്കാനും സാധിച്ചു. മുൻകാലങ്ങളിൽ കോൺഗ്രസിനെ പിന്തുണച്ചിരുന്ന പട്ടികജാതി - പട്ടികവർഗ സംവരണസീറ്റുകൾ കൂടിയും ഇക്കുറി ബി.ജെ.പി കൈവശപ്പെടുത്തി. മുസ്ളിം വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള 19 മണ്ഡലങ്ങളിൽ 17 ഇടത്തും താമര വിടർന്നു. അതും സംസ്ഥാനത്ത് ഒരിടത്തും ഒരു മുസ്ളീമിനെപ്പോലും ബി.ജെ.പി സ്ഥാനാർത്ഥിയാക്കാത്ത സാഹചര്യത്തിലും.

ആളും അർത്ഥവുമില്ലാതെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പാർട്ടിയുടെ സംഘടനാ സംവിധാനം വളരെ ശിഥിലമായിരുന്നു. മുന്നിൽനിന്നു നയിക്കാൻ ജനപിന്തുണയുള്ള നേതാക്കളുമുണ്ടായിരുന്നില്ല. സ്ഥാനാർത്ഥി നിർണയം കഴിഞ്ഞശേഷം പോലും നേതാക്കൾ കൂടുവിട്ടു കൂടുമാറി. രാഹുൽഗാന്ധി നയിച്ച പ്രചരണം എങ്ങുമെത്തിയില്ല. കോൺഗ്രസിന്റെ സീറ്റുകൾ 77 ൽ നിന്ന് 17 ലേക്കും വോട്ടുവിഹിതം 41 ശതമാനത്തിൽ നിന്ന് 27 ശതമാനത്തിലേക്കും ചുരുങ്ങി. പല മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാനാണ് ആം ആദ്മി പാർട്ടി ഉദ്യമിച്ചത്. അവർ അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്തു ; കറൻസി നോട്ടിൽ ലക്ഷ്മിദേവിയുടെ ചിത്രം അച്ചടിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രധാനപ്രതിപക്ഷമാകാൻ വേണ്ടി യത്നിച്ച ആം ആദ്മി പാർട്ടിക്കു പ്രതീക്ഷിച്ചനേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല. അവരുടെ മുന്നേറ്റം അഞ്ച് മണ്ഡലങ്ങളിൽ ഒതുങ്ങി. അതിലുപരി പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയും പരാജിതരായി. വികസനത്തിനുമുപരി ഹിന്ദുത്വത്തിലൂന്നിയ തിരഞ്ഞെടുപ്പു പ്രചാരണം വോട്ടർമാരെ വളരെ സ്വാധീനിച്ചെന്ന് തിരഞ്ഞെടുപ്പുഫലങ്ങൾ തെളിയിച്ചു. 182 അംഗ ഗുജറാത്ത് നിയമസഭയിൽ മുസ്ളിം എം.എൽ.എ ഒരാളേയുള്ളൂ - കോൺഗ്രസിന്റെ ഇമ്രാൻ ഖെദാവാല. സംസ്ഥാനത്ത് ഒമ്പതു ശതമാനമാണ് മുസ്ളിം ജനസംഖ്യ.

രാജസ്ഥാനും ഉത്തരാഖണ്ഡും പോലെ കോൺഗ്രസും ബി.ജെ.പിയും നേർക്കുനേർ ഏറ്റുമുട്ടുന്ന, അഞ്ചുവർഷം കൂടുമ്പോൾ ഭരണം മാറുന്ന സംസ്ഥാനമാണ് ഹിമാചൽപ്രദേശ്. കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡ് ബി.ജെ.പി നിലനിറുത്തി ചരിത്രം തിരുത്തിക്കുറിച്ചു. അതേ മാതൃകയിൽ ഹിമാചലിലും വിജയം ആവർത്തിക്കാനാണ് പാർട്ടി ഉദ്യമിച്ചത്. ദേശീയ അദ്ധ്യക്ഷൻ ജയപ്രകാശ് നദ്ദയുടെ ജന്മനാട് കൂടിയാണ് ഹിമാചൽ. ആ നിലയ്ക്കും വിജയം അവർക്ക് അനുപേക്ഷണീയമായിരുന്നു. ഭരണവിരുദ്ധ വികാരം മുൻകൂട്ടിക്കണ്ട് ദുഷ്പേരുണ്ടാക്കിയ എം.എൽ.എമാർക്ക് പാർട്ടി സീറ്റ് നിഷേധിച്ചു. പക്ഷേ ആ നീക്കം ഫലപ്രദമായില്ലെന്ന് തിരഞ്ഞെടുപ്പുഫലം തെളിയിച്ചു. വിമത സ്ഥാനാർത്ഥികളിൽ മൂന്നുപേർ വിജയിച്ചു. പുതുമുഖങ്ങളിൽ പലരും പരാജയപ്പെടുകയും ചെയ്തു. വിമതസ്ഥാനാർത്ഥികൾ ഭിന്നിപ്പിച്ച വോട്ട് നിർണായകമായി. അങ്ങനെ തുടർഭരണമെന്ന ലക്ഷ്യം മരീചികയായി മാറി. ആം ആദ്മി പാർട്ടി ഹിമാചലിലും ഒരുകൈ നോക്കിയെങ്കിലും അവർക്ക് ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ഭരണവിരുദ്ധ വികാരവും ബി.ജെ.പിയിലെ വിമതശല്യവും കോൺഗ്രസിന് തികച്ചും ഗുണകരമായി ഭവിച്ചു. ഗുജറാത്തിലേതിനോളം ദുർബലമല്ല ഹിമാചലിൽ പാർട്ടിയുടെ സംഘടനാ സംവിധാനം.

പ്രതിഭാസിംഗിന്റെ നേതൃത്വവും പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യവും കോൺഗ്രസിന് മുതൽക്കൂട്ടായി. അങ്ങനെ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചു. തൂക്കുസഭയായിരുന്നെങ്കിൽ മുമ്പ് ഗോവയിലും മറ്റും സംഭവിച്ചതുപോലെ കോൺഗ്രസ് എം.എൽ.എമാരെ വിലയ്ക്കുവാങ്ങി ബി.ജെ.പി സർക്കാരുണ്ടാക്കുമായിരുന്നു. പരാജയങ്ങളിൽ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഹിമാചലിലെ വിജയം ചെറിയ ഒരാശ്വാസമാണ്. പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം രണ്ടിൽനിന്ന് മൂന്നായി വർദ്ധിച്ചു. അതിലുപരി കോൺഗ്രസിന് ഇപ്പോഴും ഒരു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പൊക്കെ ജയിക്കാൻ വേണ്ട ശക്തിയുണ്ടെന്നും തെളിഞ്ഞു.

അടുത്തവർഷം മേയിൽ കർണാടകത്തിലും നവംബറിൽ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തിസ്‌ഗഢ് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു നടക്കും. നാലിടത്തും കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരം. സാമുദായിക സമവാക്യങ്ങളും മൈസൂർ മേഖലയിൽ ജനതാദൾ (എസ്) ന്റെ സാന്നിദ്ധ്യവുമാണ് കർണാ‌ടക രാഷ്ട്രീയത്തിന്റെ വിധി നിർണയിക്കുക. പോപ്പുലർഫ്രണ്ട് നിരോധനവും ഹിജാബ് വിവാദവും സൃഷ്ടിച്ച സാമുദായിക ധ്രുവീകരണം മുതലെടുക്കാൻ ബി.ജെ.പി പരമാവധി ശ്രമിക്കും. മറുപക്ഷത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലും ഭരണവിരുദ്ധ വികാരത്തിലുമാവും കോൺഗ്രസിന്റെ ഉൗന്നൽ. കോൺഗ്രസിലെ ഗ്രൂപ്പു വഴക്കും കുതികാൽവെട്ടുമാണ് രാജസ്ഥാന്റെ വിധി നിർണയിക്കുക. 2018 ൽ കോൺഗ്രസ് നേരിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും അടുത്തവർഷം കൂറുമാറ്റത്തിലൂടെ നഷ്ടപ്പെടുത്തുകയും ചെയ്ത സംസ്ഥാനമാണ് മദ്ധ്യപ്രദേശ്. അവിടെയും അനൈക്യമാണ് പാർട്ടിയുടെ മുഖ്യശത്രു. ഛത്തിസ്‌ഗഢിലും വിമതശല്യം കോൺഗ്രസിനു പ്രതിബന്ധമാണ്. രാജസ്ഥാനും ഛത്തിസ്‌ഗഢും തിരിച്ചു പിടിക്കാനും മദ്ധ്യപ്രദേശും കർണാടകവും നിലനിറുത്താനും ബി.ജെ.പി ഏതറ്റം വരെയും പോകും. അമിത് ഷായുടെ സോഷ്യൽ എൻജിനീയറിംഗും വ്യവസായികളുടേയും മാദ്ധ്യമങ്ങളുടേയും പിന്തുണയും അവർക്ക് കരുത്തു പകരും.

ഹിമാചൽ പ്രദേശ് നൽകുന്ന നേരിയ ആശ്വാസത്തിൽനിന്നു വേണം കോൺഗ്രസിന് ഇനിയങ്ങോട്ടു പിടിച്ചുകയറാൻ. രാജസ്ഥാനും ഛത്തിസ്‌ഗഢും നിലനിറുത്തണം ; മദ്ധ്യപ്രദേശും കർണാടകവും തിരിച്ചുപിടിക്കണം. ഇപ്പോഴത്തെ നിലയ്ക്ക് തീരെ എളുപ്പമല്ല കാര്യങ്ങൾ. അതിലുപരി ഐക്യപുരോഗമന സഖ്യത്തെ കെട്ടുറപ്പോടെ നിലനിറുത്തുകയും വേണം.

2024 ഏപ്രിൽ - മേയ് മാസങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കും. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസത്തിന് കുറവേതുമില്ല. പണവും മാദ്ധ്യമ പിന്തുണയും ആവശ്യത്തിലധികമുണ്ട് ; മോദി - ഷാ ടീമിന്റെ ശക്തമായ നേതൃത്വവും ആർ.എസ്.എസിന്റെ സംഘടനാ സംവിധാനവുമുണ്ട്. അതിലുപരിയാണ് പ്രതിപക്ഷത്തെ അനൈക്യം. സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും തൃണമൂൽ കോൺഗ്രസും തെലങ്കാന രാഷ്ട്രസമിതിയും വൈ.എസ്.ആർ കോൺഗ്രസും ബിജു ജനതാദളും ഇടതുപക്ഷപാർട്ടികളും ഒറ്റക്കൊറ്റയ്ക്ക് ബി.ജെ.പിയെ എതിർത്തു തോൽപിക്കാൻ ആഗ്രഹിക്കുന്നവരാണ്. കോൺഗ്രസുമായി ഒരുതരത്തിലും സഹകരിക്കരുതെന്ന് നിർബന്ധബുദ്ധിയുള്ളവരുമാണ്. അതുകൊണ്ടുതന്നെ കാലത്തിന്റെ ചുവരെഴുത്ത് വളരെ വ്യക്തമാണ്.