കൊച്ചി: ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞെന്ന് വരുത്തിത്തീർക്കാനാണ് കൊച്ചി സർവകലാശാലയിൽ മൂന്നുവർഷംമുമ്പ് നടത്തിയ നിയമനത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കൊച്ചിൻ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ ആരോപിച്ചു.
2019ൽ നിയമിതയായ ഡോ. ഉഷയ്‌ക്കെതിരെ സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി വ്യക്തിഹത്യയാണ് നടത്തുന്നത്. എം.ജി യൂണിവേഴ്‌സിറ്റി പ്രോ. വി.സി ഡോ. അരവിന്ദകുമാർ ഭാര്യക്ക് സർട്ടിഫിക്കറ്റ് കൊടുത്തെന്നാണ് പരാതി. അക്കാലത്ത് സ്‌കൂൾ ഒഫ് എൻവിറോൺമെന്റൽ സയൻസസ് മേധാവിയെന്ന നിലയിലാണ് സർട്ടിഫിക്കറ്റ് കൊടുത്തത്.
2015ൽ ഡോ. ഉഷ അപേക്ഷിച്ച പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖം 2019ലാണ് നടന്നത്. 2010ൽ യു.ജി.സി നിബന്ധനപ്രകാരം പ്രൊഫസർ പോസ്റ്റിന് യോഗ്യത 10 വർഷത്തെ പി.ജി അദ്ധ്യാപനം അല്ലെങ്കിൽ ഗവേഷണപരിചയമാണ്. 1996ൽ ഡോക്ടറേറ്റ് നേടിയ ഡോ. ഉഷയ്ക്ക് അപേക്ഷിക്കുമ്പോൾ 15 വർഷത്തെ ഗവേഷണ പരിചയമുണ്ട്.
95ലധികം ആധികാരിക പ്രസിദ്ധീകരണങ്ങളും ഹൈഇൻടെക്സ് 24 ലുമുള്ള ഡോ. ഉഷ നിരവധി കേന്ദ്ര, കേരള സർക്കാർ ഗവേഷണ പ്രോജക്ടുകൾ പൂർത്തിയാക്കുകയും ദേശീയ, അന്തർദേശീയ അംഗീകാരങ്ങളും നേടുകയും ചെയ്തു. വിദേശ യൂണിവേഴ്‌സിറ്റികളിൽ ഗവേഷണ പരിചയവുമുണ്ട്. അക്കാഡമിക് യോഗ്യതയുള്ളവരെ പിന്തള്ളിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വിദേശ സർവകലാശാലകളിലും പരിചയമുള്ള ഉഷക്ക് ഉയർന്ന മാർക്ക് കിട്ടിയത് സ്വാഭാവികമാണ്.
ഇരുപതുമാർക്കിൽ പതിനാലിൽ കൂടുതൽ കൊടുക്കാൻ പാടില്ലെന്ന് പി.എസ്.സി പറഞ്ഞിട്ടുണ്ടെന്നാണ് ആരോപണം. പ്രൊഫസർ നിയമനങ്ങൾക്ക് പി.എസ്.സിയല്ല യു.ജി.സി മാനദണ്ഡങ്ങളാണ് ബാധകം.
ജവഹർലാൽ നെഹ്‌റു സർവകലാശാല, ഐ.ഐ.ടി മദ്രാസ്, പോണ്ടിച്ചേരി സർവകലാശാല, അണ്ണാ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പ്രഗത്ഭർ ഉൾപ്പെട്ട പാനലാണ് ഡോ. ഉഷയെ തിരഞ്ഞെടുത്തതെന്ന് കൊച്ചിൻ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ഡോ. ആൽഡ്രിൻ ആന്റണി പറഞ്ഞു.