കുറുപ്പംപടി: പാലക്കാടൻ തക്കാളി കർഷകരുടെ രക്ഷയ്ക്ക് എറണാകുളം ജില്ലാ സഹകരണ വകുപ്പ് യത്നമാരംഭിച്ചു. എറണാകുളം ജില്ലയിലെ സർക്കിൾ സഹകരണ യൂണിയനുകളിലൂടെ പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന തക്കാളികൾ ഏറ്റെടുത്ത് വില്പന നടത്തും. എല്ലാ ആഴ്ചയിലും ടൺ കണക്കിന് തക്കാളി പാലക്കാട്ടുനിന്നുള്ള കർഷകർ നേരിട്ട് മലയിടംതുരുത്തിലുള്ള ബാങ്കിന്റെ ഗോഡൗണിൽ എത്തിക്കും. അവിടെ നിന്ന് പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന കിലോയ്ക്ക് 25 രൂപ എന്ന നിരക്കിൽ വിതരണം ചെയ്യുന്നതാണ് രീതി. കേരള ബാങ്ക് ഡയറക്ടർ അംഗം അഡ്വ. പുഷ്പദാസ് കർഷകരിൽ നിന്ന് തക്കാളി ഏറ്റുവാങ്ങി. ജില്ലാ ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത, കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം. രാമചന്ദ്രൻ, ഭരണസമിതി അംഗം പി.പി. അവറാച്ചൻ, മലയിടംതുരുത്ത് ബാങ്ക് പ്രസിഡന്റ് ടി.ടി. വിജയൻ, അസിസ്റ്റന്റ് രജിസ്ട്രാർമാരായ കെ. ഹേമ, എൻ. മണി തുടങ്ങിയവർ സംസാരിച്ചു.