test-ground
പ്രവർത്തനം ആരംഭിക്കാത്ത പെരുമ്പല്ലൂരിലെ ഫിറ്റ്നനസ് സെന്റർ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സ്ഥാപിച്ച ജില്ലയിലെ ആദ്യത്തെ ഹൈടെക് മോട്ടർ വെഹിക്കിൾ ഫിറ്റ്നസ് സെന്റർ രണ്ടു വർഷമായി അടച്ചുപൂട്ടിയ നിലയിൽ. ഇതോടെ വാഹന ടെസ്റ്റിംഗ് വീണ്ടും റോഡിലായി. റോഡിലെ ടെസ്റ്റിംഗ് മൂലം വാഴപ്പിള്ളിയിൽ നിരന്തരം ഗതാഗത തടസമുണ്ടാകുന്നു.

പെരുമ്പല്ലൂരിൽ പ്രവർത്തിച്ചിരുന്ന ഹൈടെക് മോട്ടർ വെഹിക്കിൾ ഫിറ്റ്നസ് സെന്ററാണ് കെൽട്രോണുമായുള്ള സാങ്കേതിക സഹായ കരാർ പുതുക്കാത്തതിനെ തുടർന്ന് അടച്ചത്.

മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആർ.ടി.ഒ ഓഫീസിലെ വാഹന സംബന്ധമായ ടെസ്റ്റുകളെല്ലാം നടത്തിവന്നിരുന്നത് വാഴപ്പിള്ളിയിലും മറ്റുമായിരുന്നു. ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായതോടെയാണ് ഹൈടെക് മോട്ടർ വെഹിക്കിൾ ഫിറ്റ്നസ് സെന്റർ മൂവാറ്റുപുഴയിൽ അനുവദിച്ചത്. എന്നാൽ അനുയോജ്യമായസ്ഥലം കണ്ടെത്താൻ കഴിയാതെവന്നതോടെ പദ്ധതിമുടങ്ങിക്കിടന്നു. ഒടുവിൽ ആരക്കുഴ പഞ്ചായത്തിലെ പെരുമ്പല്ലൂരിൽ എം.വി.ഐ.പിയുടെ സ്ഥലം ലഭ്യമാക്കി 2014 ൽ ശിലാസ്ഥാപനം നടത്തി 2018 പണി പൂർത്തിയാക്കി. ഉദ്ഘാടനശേഷം രണ്ട് വർഷം മാത്രമേ സെന്റർ പ്രവർത്തിച്ചുള്ളൂ.

ട്രയൽറൺ നടത്തുന്നതിനിടെ മദർ ബോർഡിന് കേടുപാടുകൾ സംഭവിച്ചെന്ന കാരണത്താൽ സെന്റർ പ്രവർത്തനം ആരംഭിക്കാൻ വൈകിയിരുന്നു. പിന്നീട് ജർമനിയിൽ നിന്ന് പുതിയ മദർബോർഡ് എത്തിച്ചാണ് സെന്റർ പ്രവർത്തനം തുടങ്ങിയത്. മൂന്ന് കോടിയോളം രൂപയാണു പദ്ധതിക്കായി ചെലവഴിച്ചത്. ഡ്രൈവിംഗ് ടെസ്റ്റ്, വാഹന ഫിറ്റ്നസ് പരിശോധന സംവിധാനങ്ങൾ എന്നിവയെല്ലാം കമ്പ്യൂട്ടർവത്കരിച്ചിരുന്നു. ഓട്ടോമേറ്റഡ് വിഷ് ടെസ്റ്റ് ട്രാക്ക്, വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷൻ എന്നിവയെല്ലാം

സെന്ററിലുണ്ടെങ്കിലും ഉപയോഗശൂന്യമാകുകയാണ്.