upspaipra
പായിപ്ര ഗവ യുപി സ്കൂളിൽ അന്താരാഷ്ട്ര മണ്ണ് വാരാചരണ സമാപനം വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: അന്താരാഷ്ട്ര മണ്ണ് ദിനത്തോടനുബന്ധിച്ച് ഇഷ്ടമരം ഫൗണ്ടേഷന്റെ സഹകരണത്തോടെ പായിപ്ര ഗവ.യു.പി സ്കൂളിൽ വാരാചരണ പരിപാടികൾ സമാപിച്ചു. മണ്ണിന്റെ പ്രാധാന്യവും പ്രത്യേകതകളും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വാർഡ് അംഗം ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഇഷ്ടമരം ഫൗണ്ടേഷൻ സ്ഥാപകൻ ബാബു തട്ടാറുകുന്നേൽ മണ്ണ് ദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി കെ.എം. നൗഫൽ വിവിധ തരം മണ്ണുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. മണ്ണ് പ്രദർശനം, മണ്ണിന്റെ പ്രത്യേകത വിശദീകരിക്കൽ, പരിസ്ഥിതി ഗാനാലാപനം, തൈ നടൽ, ലഘുലേഖ വിതരണം, പോസ്റ്റർ നിർമ്മാണം, വിത്ത് വിതരണം, ചിത്രരചന, വീഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു. അദ്ധ്യാപകരായ അജിത രാജ്, ജോസി ജോസ്, പി.എ.അജീന, എ .എം.റഹ്മത്ത്, വി.ശ്രുതി , സി.എൻ.റസീനമോൾ , ദിവ്യ ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.