പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുന്നത്തുനാട് താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടുകൂടി വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനശാലയിൽ സംരംഭക ബോധവത്കരണ ശില്പശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു . വാർഡ് അംഗം ജോയ് പൂണെലി അദ്ധ്യക്ഷത വഹിച്ചു. ക്ഷീര അധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങളെ കുറിച്ചും പാൽ ഉത്പന്നങ്ങളുടെ സംരംഭക സാധ്യതയെ കുറിച്ചും ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന ഓഫീസർ റഫീന ബീവി ക്ലാസ് നയിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് , സി.ഡി.എസ് വൈസ് ചെയർപേഴ്സൺ അമൃതവല്ലി വിജയൻ, വ്യവസായ ഇന്റേൺ ഗോകുൽ ജി. കർത്ത എന്നിവർ സംസാരിച്ചു.