പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ കിസാൻ സഭ കാർഡുമായി ബന്ധപ്പെട്ടുണ്ടായ നടപടികളിൽ വ്യക്തത വരുത്തണമെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബുവിന്റെ നേതൃത്വത്തിൽ കളക്ടർക്കും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും പരാതി നൽകി. മിനിസ്ട്രി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയും കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും സംയുക്തമായി വികസിപ്പിച്ചെടുത്ത കിസാൻ സഭ പോർട്ടൽ രജിസ്ട്രേഷൻ നടത്തിയത് സ്വകാര്യഏജൻസികളാണ്. ഏജൻസി പ്രതിനിധികളായ നാലുപേർ പഞ്ചായത്ത് ഓഫീസിന് മുന്നിലിരുന്ന് നടത്തിയ രജിസ്ട്രേഷൻ നടപടികളാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. കർഷകരിൽ നിന്ന് ഇവർ 130 രൂപ വീതംഈടാക്കിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷമായ സി.പി.എമ്മും ബി.ജെ.പിയും രംഗത്തെത്തുകയായിരുന്നു. കൃഷിഭവനിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് സ്വകാര്യ ഏജൻസിക്ക് രജിസ്ട്രേഷന് സൗകര്യമൊരുക്കിയതെന്നാണ് യു.ഡി.എഫ് ഭരണസമിതി വിശദീകരിക്കുന്നത്. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ , സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സിന്ധു അരവിന്ദ്, പി.വി. സുനിൽ ,പഞ്ചായത്ത് അംഗങ്ങളായ മായാ കൃഷ് കുമാർ ,കെ.പി.ചാർലി , ശശികല രമേഷ് , സിനി എൽദോ, പി.എസ്.നിത , മരിയ മാത്യു, സന്ധ്യ രാജേഷ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.