sixmenarmy

കൊച്ചി: സ്പെയിൻ ലോക കപ്പ് നേടിയ 2010ൽ കൊച്ചിയിലെ സ്കൂളിൽ പഠിക്കുകയായിരുന്ന ആ ആറുപേരുംകൂടി ഒരു തീരുമാനമെടുത്തു. എന്നെങ്കിലും ഒരു ലോകകപ്പ് നേരിൽ കാണണം. അതും ഒരുമിച്ച്. പന്ത്രണ്ട് വർഷത്തിനുശേഷം ആ മോഹം അവർ സഫലമാക്കി.

അമേരിക്കയിൽനിന്ന് ഷാരൂഖും കാനഡയിൽനിന്ന് അക്ഷയ് യും ബംഗളുരുവിൽ നിന്ന് ഹാരിസ് വർമ്മയും ശ്രീരാഗും കൊച്ചിയിൽ നിന്ന്
അദനിഷുംജോസഫ് തളിയത്തും ഖത്തറിൽ പറന്നിറങ്ങി. ഒരേ ഹോട്ടലിൽ ഒരുമിച്ച് കൂടി. ഇക്കഴിഞ്ഞ ആറിന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന പോർച്ചുഗൽ - സ്വിറ്റ്‌സർലൻഡ് മത്സരം അവരുടെ ജീവിതാഭിലാഷത്തിന് സാക്ഷിയായി. എൽ.കെ.ജി മുതൽ പ്ലസ് ടു വരെ ഒന്നിച്ചായിരുന്നു പഠനം. 2012ൽ വടുതല ചിന്മയ സ്കൂളിൽ വച്ച് പ്ലസ് ടു പഠനം കഴിഞ്ഞ് വേർപിരിയുമ്പോൾ, അവർ സ്വപ്നം ഒന്നുകൂടി പറഞ്ഞുറപ്പിച്ചു. വീട്ടുകാർ പണം തരില്ല. നമ്മൾ സ്വന്തം കാലിൽ നിൽക്കുന്ന ഒരു കാലംവരും. അന്ന് എവിടെയായാലും കളി കാണാൻ പോകണം. ഫുട്ബോൾ ടീമിലൊന്നും കളിച്ചിട്ടില്ലെങ്കിലും കളിയോടുള്ള ആരാധനയ്ക്ക് അന്നും ഇന്നും കുറവില്ല. കൂട്ടുകെട്ടൊക്കെ ശരിതന്നെ,പക്ഷേ, പല ടീമിന്റെ പക്ഷത്താണ്.

അമേരിക്കയിൽ എൻജിനീയറായ ഷാരൂഖ് അമേരിക്കൻ ടീമിനൊപ്പമാണ്. കാനഡയിൽ എൻജിനീയറായ അക്ഷയ് യും ബംഗളുരുവിൽ ഐ.ടി കൺസൾട്ടന്റായ ശ്രീരാഗും അർജന്റീനയ്ക്കൊപ്പമാണ്. യു.പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അദനീഷ് സ്പെയിൻ പക്ഷത്താണ്. ബംഗളൂരുവിൽ എൻജിനീയറായ ഹാരിസ് വർമ്മ ബ്രസിലിനുവേണ്ടി വാദിക്കും. ജർമ്മനിക്ക് പോകാനൊരുങ്ങുന്ന

ജോസഫ് തളിയത്തിനിഷ്ടം ഫ്രാൻസിനെയാണ്.