വൈപ്പിൻ: കണ്ണമംഗലം സ്വദേശി ബിജുവിനെ ആക്രമിച്ച് ചെക്ക് ബുക്കുകളും പണവും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൃശൂർ ചിറമങ്ങാട് തൈക്കാലവളപ്പിൽ വീട്ടിൽ അബ്ദുൾ വഹാബ് (40), പള്ളുരുത്തി തങ്ങൾനഗർ ഭാഗത്ത് തങ്ങൾവീട്ടിൽ ഫക്രുദീൻ (57) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

നവംബർ 30 ന് പ്രതികൾ ഉൾപ്പെട്ട സംഘം ബിജുവിനെ അയ്യമ്പിള്ളിയിലെ റിസോർട്ടിലെത്തിച്ച് കത്തിക്ക് കുത്തിപ്പരിക്കേൽപ്പിച്ചും ഭീഷണിപ്പെടുത്തിയും 17 ലക്ഷം രൂപയുടെ ചെക്ക് എഴുതി വാങ്ങുകയായിരുന്നു. എ.ടി.എം കാർഡും വാഹനത്തിൽ സൂക്ഷിച്ച ചെക്ക് ബുക്കുകളും പ്രതികൾ അപഹരിക്കുകയും ചെയ്തു.

ഇൻസ്‌പെക്ടർ എ.എൽ. യേശുദാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വി.കെ.ശശികുമാർ, ടി.കെ.രാജീവ്, എ.എസ്.ഐ ബിജു, സി.പി.ഒമാരായ കെ.എ.ബെൻസി, ശരത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.