കളമശേരി: കോർപറേറ്റുകൾക്ക് വേണ്ടി കോർപറേറ്റുകൾ ഭരിക്കുന്ന സ്ഥിതിയാണ് ഇന്ത്യയി​ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. അര നൂറ്റാണ്ട് കാലം കോൺഗ്രസ് പാർട്ടിയുടെയും തൊഴിലാളി സംഘടനകളുടെയും സജീവ പ്രവർത്തകനായി​രുന്ന നേതാവ് ബി.ശശിധരന്റെ അനുസ്മരണവും രാഷ്ട്രീയ വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് ദേശസാത്കരണം നടന്നിട്ട് 50 വർഷം കഴിയുകയാണ് പക്ഷെ മോദി ഭരിക്കുന്ന ഇന്ത്യയിൽ പഴയ സ്ഥിതിയിലേക്ക് പോകുകയാണ്. തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ നേതാവായിരുന്നു ബി.ശശിധരനെന്നും വി.ഡി. സതീശൻ പറഞ്ഞു.മണ്ഡലം പ്രസിഡൻ്റ് ഷാജഹാൻ കവലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൾ മുത്തലിബ്, സെക്രട്ടറി ബി.ആർ.എം. ഷഫീർ, നേതാക്കളായ ജോസഫ് ആൻറണി, ലിസി ജോർജ്, വി.കെ.ഷാനവാസ്, കെ.കെ.ഇബ്രാഹിംകുട്ടി, ഇ.കെ.സേതു, കെ.എം.അമാനുള്ള, പി.എം. അയൂബ്, സനോജ് മോഹൻ, അൻസൽ കെ. മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു.