k

കൊച്ചി: ശബരിമലയിൽ ഭക്തരുടെ തിരക്കുവർദ്ധിക്കുന്ന സാഹചര്യത്തിൽ മണ്ഡല-മകരവിളക്കുകാലത്ത് അഷ്ടാഭിഷേകം നിയന്ത്രിക്കാൻ തന്ത്രിയുമായി കൂടിയാലോചിച്ച് ദേവസ്വംബോർഡ് നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ദർശനത്തിനെത്തുന്നവരുടെ എണ്ണം 75,000 കവിയുന്ന ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റെ എണ്ണം കുറയ്ക്കാൻ ദേവസ്വം ബോർഡിനോട് നിർദ്ദേശിക്കണമെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ നവംബർ 24ന് റിപ്പോർട്ട് നൽകിയിരുന്നു. അഷ്ടാഭിഷേകത്തിന് സമയമെടുക്കുന്നതും ചില ദിവസങ്ങളിൽ എൺപതിലേറെ ബുക്കിംഗുകൾ വരുന്നതും ചൂണ്ടിക്കാട്ടിയാണ് കമ്മിഷണർ റിപ്പോർട്ട് നൽകിയത്. ഇത് പരിഗണിച്ചാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ഡിവിഷൻ ബെഞ്ച് ബോർഡിന് നിർദ്ദേശം നൽകിയത്. വെർച്വൽ ക്യൂ മുഖേന ഒരുദിവസം ഒരുലക്ഷത്തിലേറെ പേർ ബുക്കുചെയ്യുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങളും ഹൈക്കോടതി നൽകി. ഹർജി 12ന് വീണ്ടും പരിഗണിക്കും.

നിർദ്ദേശങ്ങൾ

 നിലയ്ക്കൽ,പമ്പ,സന്നിധാനം എന്നിവിടങ്ങളിൽ തിരക്കു നിയന്ത്രിക്കാനുള്ള നടപടികൾ തിരുവിതാംകൂർ ദേവസ്വം ബോർഡ്,ജില്ലാ കളക്ടർ,പൊലീസ് സൂപ്രണ്ട്,ശബരിമല സ്പെഷ്യൽ കമ്മിഷണർ എന്നിവർ നിരീക്ഷിക്കണം.

 നിയന്ത്രണം ഏർപ്പെടുത്തിയാൽ പൊതുഅറിയിപ്പ് സംവിധാനം മുഖേന ഭക്തരെ അറിയിക്കണം.

 നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിൽ മതിയായ കെ.എസ്.ആർ.ടി.സി ബസുകൾ ഏർപ്പെടുത്തണം.

 വേണ്ടത്ര ബസുകൾ നിലയ്ക്കലും പമ്പയിലുമുണ്ടെന്ന് കളക്ടർ ഉറപ്പാക്കണം.

 അന്നദാനത്തിൽ കുറവുണ്ടാകുന്നില്ലെന്ന് ചുമതലയുള്ള ദേവസ്വം ഓഫീസർമാർ ഉറപ്പാക്കണം.