
കോലഞ്ചേരി: നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾകറുകപ്പിള്ളി, കോരൻകടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിൽ അപാകതയെന്ന് പരാതി. കറുകപ്പിള്ളിയെ രാമമംഗലവുമായി ബന്ധിപ്പിക്കുന്ന കോരൻകടവ് പാലം നിർമാണം ആരംഭിച്ചിട്ട് പതിമൂന്ന് വർഷം പിന്നിട്ട് അവസാന ഘട്ടത്തിലാണ്.
പാലത്തിൽ നിന്ന് കടക്കുന്ന അപ്രോച്ച് റോഡിന്റെ പ്ലാനിൽ കാണിച്ചിരുന്ന 16 മീറ്റർ വീതി, പൂർത്തിയാവുന്ന വേളയിൽ 12 മീറ്ററായി ചുരുങ്ങി. അതോടെ റോഡിൽ അപകടവളവായത് അശാസ്ത്രീയമായ നിർമ്മാണം മൂലമാണെന്നാണ് പ്രധാന പരാതി. അപ്രോച്ച് റോഡിന്റെ ഇരുവശത്തുമുള്ള ആളുകളുടെ സ്ഥലം ഏറ്റെടുക്കുന്നതായി അറിയിച്ചെങ്കിലും ഇതുവരെ ഏറ്റെടുത്തില്ല. പൊതു തോടിന്റെ അതിർത്തി കണക്കാക്കി നിർമാണം പൂർത്തിയാക്കി. അതിനായി സ്വകാര്യ വ്യക്തിക്ക് പണം നൽകിയതായും നാട്ടുകാർ ആരോപിക്കുന്നു. കളക്ടർ, വിജിലൻസ് ഉൾപ്പെടെ എല്ലാവർക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.