കൊച്ചി: കാൻസർ ചികിത്സയ്ക്ക് ഗവേഷണവും വികസനവും ലക്ഷ്യമിട്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും കർക്കിനോസ് ഹെൽത്ത് കെയറും സംയുക്തമായി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ഇതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.
കർക്കിനോസ് കാൻസർടെക് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.ടി.ആർ.ഐ) എന്ന പേരിലാകും സ്ഥാപനം അറിയപ്പെടുക. കുസാറ്റിന്റെ പിന്തുണയോടെ ബയോബാങ്കിംഗ് സൗകര്യവും സ്ഥാപിക്കും. കുസാറ്റിലെ ബയോടെക്നോളജി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ പദ്ധതിയുമായി സഹകരിക്കും. കുസാറ്റ് നടത്തുന്ന ഗവേഷണങ്ങളിലൂടെ വികസിപ്പിക്കുന്ന സംവിധാനങ്ങളുടെ പരീക്ഷണം, വിശകലനം, ഉത്പന്നനിർമ്മാണം തുടങ്ങിയവ കർക്കിനോസ് നിർവ്വഹിക്കുമെന്ന് കർക്കിനോസ് മെഡിക്കൽ ഡയറക്ടർ ഡോ. മോനി എബ്രഹാം കുര്യാക്കോസ് പറഞ്ഞു.
മോളിക്യൂളാർ ബയോളജി, സെൽ ബയോളജി, ജീനോമിക്സ്, പ്രോട്ടിയോമിക്സ്, ഡയഗ്നോസ്റ്റിക്സ്, തെറാപ്യൂട്ടിക്‌സ്, ബയോ ഇൻഫർമറ്റിക്സ്, ഡാറ്റാ സയൻസ്, എൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ്, മൾട്ടി ഡിസിപ്ലിനറി, ട്രാൻസ്ലേഷൻ മേഖലകളുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികളിലും കുസാറ്റും കർക്കിനോസ് ഹെൽത്ത്കെയറും സഹകരിക്കും.
കുസാറ്റ് രജിസ്ട്രാർ ഡോ.വി. മീരയും കർക്കിനോസ് ഹെൽത്ത്‌കെയർ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആർ. വെങ്കിട്ടരമണനും കരാറിൽ ഒപ്പുവച്ചു. വ്യവസായ മന്ത്രി പി. രാജീവ്, കുസാറ്റ് വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ, കർക്കിനോസ് പ്രോ വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ, ബയോടെക്നോളജി വിഭാഗം മേധാവി ഡോ. എ.പാർവതി, ബയോടെക്നോളജി പ്രൊഫസർ ഡോ. സരിത ജി. ഭട്ട്, മയോ ക്ലിനിക് കോർപ്പറേറ്റ് ഡെവലപ്മെന്റ് വിഭാഗം ചെയർമാൻ മനു നായർ, കർക്കിനോസ് ഹെൽത്ത്കെയർ സഹസ്ഥാപകനും മെഡിക്കൽ ഡയറക്ടറും കേരള സി.ഇ.ഒയുമായ ഡോ. മോനി എബ്രഹാം കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
• ഫലപ്രദമായ രോഗനിർണയത്തിന് സഹായിക്കുന്ന ഗവേഷണ കേന്ദ്രം
• മികച്ച ചികിത്സാരീതികൾ
• അർബുദം നേരത്തെ കണ്ടെത്താൻ ചെലവ് കുറഞ്ഞ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുക
• കാൻസർ ഗവേഷണ സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും ഇൻക്യുബേഷൻ സേവനങ്ങൾ
• കണ്ടെത്തലുകളുടെ ക്ളിനിക്കൽ വിശകലനം
കർക്കിനോസ് ഹെൽത്ത്‌കെയർ
അർബുദം നേരത്തേ നിർണയിക്കുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും 2020 ജൂലായിൽ സ്ഥാപിതമായ സാങ്കേതിക പ്ലാറ്റ്ഫോമാണ് കർക്കിനോസ് ഹെൽത്ത് കെയർ. രോഗികൾക്ക് തങ്ങളുടെ പ്രദേശത്തുതന്നെ സമഗ്ര കാൻസർ പരിചരണം നൽകുകയാണ് ലക്ഷ്യം.