
കൊച്ചി: എറണാകുളത്തെ ഗതാഗത പരിഷ്കാരത്തിന്റെ ചുമതല ജില്ലയ്ക്ക് പുറത്തു നിന്നൊരാളെ ഏൽപ്പിച്ചാൽ എന്തു സംഭവിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (കെ.എം.ടി.എ) നിലവിലെ അവസ്ഥ. തിരുവനന്തപുരം സ്വദേശിയായ ഗതാഗതമന്ത്രി ആന്റണി രാജു ആണ് അതോറിറ്റിയുടെ ചെയർമാൻ. ഒട്ടേറെ ചുമതലകളുള്ള മന്ത്രിക്ക് എറണാകുളത്തെ കാര്യം കൂടി നോക്കാനുള്ള സമയമില്ല. എന്നാൽ ആ ഉത്തരവാദിത്വം മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ സർക്കാർ തയ്യാറാകുന്നുമില്ല. എറണാകുളം ജില്ലക്കാരനായ മന്ത്രി ഉണ്ടായിട്ടും അതോറിറ്റിയുടെ ശനിദശ തുടരുകയാണ്.
മുപ്പത് ഗ്രാമപഞ്ചായത്തുകളുടെയും ഒമ്പത് മുനിസിപ്പാലിറ്റികളുടെയും പാർക്കിംഗ് ഉൾപ്പെടെയുള്ള ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കെ.എം.ടി.എ പ്രവർത്തനരഹിതമാകാനുള്ള കാരണമെന്താണെന്ന് ജില്ലയിൽ നിന്നുള്ള ഒരു എം.എൽ.എ പോലും ഇതുവരെ നിയമസഭയിൽ ചോദ്യം ഉന്നയിച്ചിട്ടില്ല. രാജ്യത്തിനാകെ മാതൃകയാകുമെന്നു കരുതിയ പദ്ധതിയാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്.
* തുടക്കത്തിലേ പരാജയം
2019 നവംബറിലാണ് കെ.എം.ടി.എബിൽ നിയമസഭ പാസാക്കിയത്. ഇതിന്റെ ചുവടുപിടിച്ച് കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രവർത്തനം തുടങ്ങി. 2020 നവംബറിലായിരുന്നു ഔദ്യോഗികതുടക്കം. റവന്യു ടവറിൽ 80,000 രൂപ വാടകയ്ക്ക് ഓഫീസ് എടുത്തു. എന്നാൽ ഒരു ജീവനക്കാരനെ പോലും നിയമിച്ചില്ല. സി.ഇ.ഒ ഇല്ലാത്തതാണ് ഏറ്റവും വലിയ പരാജയം. ആറു മാസമായി ഓഫീസ് അടഞ്ഞുകിടക്കുകയാണ്. അധികാരപരിധി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. പ്രവർത്തനത്തിന് രൂപരേഖയില്ല. എല്ലാ വർഷവും അതോറിറ്റിക്കായി സർക്കാർ കോടികൾ നീക്കിവയ്ക്കുന്നുണ്ട്. എന്നാൽ റെഗുലേറ്ററി ബോർഡ് പോലെയൊരു സംവിധാനം ഇല്ലാത്തതിനാൽ ഈ ഫണ്ട് ചെലവഴിക്കാൻ മാർഗമില്ല.
* വലിയ ലക്ഷ്യങ്ങൾ
ആദ്യം കൊച്ചിയിലും പിന്നീട് തിരുവനന്തപുരത്തും കോഴിക്കോടും മെട്രോപൊളിറ്റൻ അതോറ്റി ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. നഗരങ്ങളിലെ വിവിധ ഗതാഗതസംവിധാനങ്ങൾ ഏകോപിപ്പിക്കൽ, സംയോജിത നഗരഗതാഗതരംഗത്ത് രാജ്യത്തെ മുൻനിര സംവിധാനമാകുക, നഗരങ്ങൾക്കായി ഏകീകൃത ഗതാഗതപദ്ധതി എന്നിവയെല്ലാം ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു.
* ചുമതലകൾ
ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും മേൽനോട്ട ചുമതല,
പൊതുഗതാഗത ഏകോപനം, നടത്തിപ്പ്, നിയന്ത്രണം, ആസൂത്രണം എന്നിവയ്ക്കുള്ള സ്വതന്ത്ര അധികാരം,
ഗോശ്രീ ബസുകളുടെ നഗരപ്രവേശനത്തിലെ തടസങ്ങൾ നീക്കുക
* മേയർക്ക് കൂടുതൽ ചുമതല
കെ.എം.ടി.എ നടത്തിപ്പിൽ മേയർ എം. അനിൽകുമാറിന് കൂടുതൽ ചുമതലകൾ നൽകാൻ കഴിഞ്ഞയാഴ്ച ചേർന്ന യോഗം തീരുമാനിച്ചു . മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശപ്രകാരമാണ് ഈ മാറ്റം.